Skip to main content
അയിരൂര്‍ വില്ലേജ്തല ജനകീയ വികസന സമിതി

റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ഇടപെടണം: ജില്ലാ കളക്ടര്‍

അയിരൂര്‍ വില്ലേജ്തല ജനകീയ വികസന സമിതി ഉദ്ഘാടനം ചെയ്തു
ജനങ്ങളെ ബാധിക്കുന്ന സമസ്തമേഖലകളിലും ഇടപെട്ട് റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ആത്മാര്‍ഥമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അയിരൂര്‍ വില്ലേജ്തല ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വില്ലേജ്തല ജനകീയ വികസന സമിതിയിലുള്ള ഓരോ അംഗങ്ങളും അര്‍ഥവത്തായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.

 

അയിരൂര്‍  ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അയിരൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  വി. പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യക്കാവില്‍, ഗ്രാമപഞ്ചായത്ത് അംഗം  അഡ്വ. ശ്രീകല ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍  റ്റി.ജി. ഗോപകുമാര്‍, റാന്നി ഭൂരേഖ തഹസില്‍ദാര്‍ എം.കെ. അജികുമാര്‍,  ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.വി. സന്തോഷ്, വില്ലേജ് ഓഫീസര്‍ വി.എസ്. സതീഷ്, കേരള കോണ്‍ഗ്രസ് പ്രതിനിധി ഫിലിപ്പ് ബാബു എന്നിവര്‍ സംസാരിച്ചു.

 

വില്ലേജ് ഓഫീസര്‍ കണ്‍വീനര്‍ ആയിട്ടുള്ള  ഈ സമിതിയില്‍  പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് സ്ഥിതി ചെയ്യുന്ന  വാര്‍ഡിന്റെ  മെമ്പര്‍, വില്ലേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍, വില്ലേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, എംഎല്‍എയുടെ പ്രതിനിധി, വില്ലേജിന്റെ ചാര്‍ജ് ഓഫീസര്‍, നിയമസഭയില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു വനിതാ അംഗം, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന  പട്ടികജാതി / പട്ടികവര്‍ഗ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

 

വില്ലേജ് തലത്തില്‍ ഭൂമി സംരക്ഷണ കാര്യത്തിലും, ജനക്ഷേമ പ്രവര്‍ത്തികളിലും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും  പൊതുജനങ്ങളുടെ ഭൂമിസംബന്ധമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതും  കൂടാതെ പൊതുജന സഹകരണത്തോടെ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതുമൊക്കെയാണ്  സമിതിയുടെ ലക്ഷ്യം. സമിതി എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച കൂടുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

date