Skip to main content

'തെളിനീരൊഴുകും നവകേരളം' ശില്പശാല തിങ്കളാഴ്ച (മാർച്ച് 21)

ജനപങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വത്തോടെ സംരക്ഷിക്കുന്നതിനുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശില്പശാല തിങ്കളാഴ്ച നടക്കും. നവകേരളം കർമ്മപദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജലസ്രോതസുകളെ വീണ്ടെടുക്കുന്നതിനായി ഹരിതകേരളം മിഷൻ നടപ്പാക്കിയ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ അനുബന്ധ പദ്ധതിയാണ് 'തെളിനീരൊഴുകും നവകേരളം'.

പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ ദ്രവമാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കിയും വാതിൽപടി പാഴ്‌വസ്തുശേഖരണം സമ്പൂർണമാക്കിയും ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണരേഖ തയാറാക്കും. പദ്ധതി നടത്തിപ്പിനായി കോർപ്പറേഷൻ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്തല ജലസമിതികൾക്ക് രൂപം നൽകും. തദ്ദേശസ്ഥാപനതല ജലസമിതികളുടെ തുടർച്ചായായി വാർഡുതല ജലസമിതികൾ ജലസ്രോതസുകളിൽ ജനകീയ പുഴനടത്തത്തിലൂടെ മലിനീകരണതോത് കണ്ടെത്തി മാലിന്യമുക്തമാക്കാനുള്ള കർമ്മപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടക്കുന്ന ശില്പശാല രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ജലസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശില്പശാലയിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുന്നത്. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.

date