Skip to main content

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം: ഓപ്പൺഫോറം സംഘടിപ്പിച്ചു

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പൺഫോറം സംഘടിപ്പിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ര്‌ടേറ്റ് ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ നടന്ന ഓപ്പൺഫോറത്തിൽ പാചകവാതക സിലിണ്ടറുകളുടെ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഫലപ്രദമായ രീതിയിൽ ബോധവത്കരണം നടത്തുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഗ്യാസ് വിതരണ കമ്പനികളുടെ നേതൃത്വത്തിൽ സുരക്ഷാപരിശോധന നിർബന്ധമാക്കുന്നതിനും നിർദേശം നൽകി.

ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കാൻ, സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികൾ, പാചകവാതകചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ എന്നിവയാണ് ഓപ്പൺഫോറത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. പാചകവാതക സിലിണ്ടറുകളുടെ ചോർച്ച സംബന്ധിച്ച പരാതികൾക്ക് 1906 എന്ന പൊതുനമ്പറിൽ വിളിച്ചറിയിക്കാവുന്നതാണെന്നും രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാകുമെന്നും ഗ്യാസ് കമ്പനികൾ അറിയിച്ചു.

ലീക്കേജ് സംബന്ധമായ സേവനങ്ങൾക്ക് ചാർജ്ജ് ഈടാക്കില്ല.  വീടുകളിൽ പാചകവാതകസിലിണ്ടറുകൾ വിതരണം ചെയ്യുന്ന സമയത്ത് തന്നെ ചോർച്ച ഇല്ലായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അഞ്ച് വർഷം കൂടുമ്പോൾ ഗ്യാസ് കമ്പനി പ്രതിനിധികൾ വീടുകളിലെത്തി പരിശോധന നടത്തും. ഗ്യാസ് ഏജൻസികളിൽ നിന്നുള്ള പരിശോധനയ്ക്ക് 236 രൂപ സർവീസ് ചാർജ് ഈടാക്കുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് രണ്ട് ലക്ഷംരൂപ വരെ ഇൻഷുറൻസ് അനുവദിക്കും. മരണം സംഭവിക്കുന്ന കേസുകളിൽ ആറ് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാവുന്നതാണ്. ഇതിനായി ആവശ്യമായ രേഖകൾ ബന്ധപ്പെട്ട ഓയിൽ കമ്പനികളിൽ ഹാജരാക്കണം. ഉപഭോക്താക്കൾ പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഓപ്പൺഫോറത്തിൽ ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാർ, ഐ.ഒ.സി സെയിൽസ് ഓഫീസർ മഞ്ജുഷ, ബി.പി.സി സെയിൽസ് ഓഫീസർ നിതിൻ, പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃസംഘടന പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date