Skip to main content

രാഷ്ട്ര പുനര്‍നിര്‍മാണത്തിലും ജനാധിപത്യ സംരക്ഷണത്തിലും

രാഷ്ട്ര പുനര്‍നിര്‍മാണത്തിലും ജനാധിപത്യ സംരക്ഷണത്തിലും
യുവതയ്ക്ക് വലിയ പങ്ക് : കേന്ദ്ര മന്ത്രി വി മുരളീധരന്‍

ജില്ലാതല അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്റിന് തുടക്കമായി

രാഷ്ട്ര പുനര്‍നിര്‍മാണത്തിലും ജനാധിപത്യ സംരക്ഷണത്തിലും യുവാക്കളുടെ പങ്ക് വളരെ വലുതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മലപ്പുറം നെഹ്റു യുവകേന്ദ്ര കൈറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നയരൂപീകരണത്തില്‍ രാജ്യത്തെ യുവതി-യുവാക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടും. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കാനുമുള്ള മാനസികാവസ്ഥ യുവതി-യുവാക്കളിലുണ്ടാകണം.  രാഷ്ട്ര പുരോഗതിയ്ക്കും സ്വാശ്രയതയ്ക്കും യുവാക്കളുടെ പങ്ക് പരമപ്രധാനമാണ്. അതിനാല്‍ ഈ വിഭാഗത്തിന്റെ ഉന്നമനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും. സ്വാശ്രയ രാഷ്ട്രമാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

കേന്ദ്രാവിഷ്‌കൃത പദ്ധതി ആനുകൂല്യങ്ങള്‍ മലപ്പുറം ജില്ലയ്ക്ക് നല്ല നിലയില്‍ തന്നെ നല്‍കിയിട്ടുണ്ട്. 7,70,000 പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കായി 86.27 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലയില്‍ 37.58 കോടി രൂപയാണ് 80000 പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. 25831 മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി 67.17 കോടി രൂപയും നല്‍കി. ജില്ലയിലെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് ഉജ്ജ്വല യോജന പദ്ധതിയുടെ പ്രയോജനവും ലഭിച്ചു. 2.38 ലക്ഷം കുടുംബങ്ങള്‍ക്ക് ജല്‍ജീവന്‍ മിഷനിലൂടെ ശുദ്ധജലവും ലഭ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ ഒരു ലക്ഷം തൊഴിലും നല്‍കി. 2400കുടുംബങ്ങള്‍ക്ക് വീടും യാഥാര്‍ത്ഥ്യമാക്കി. 289000 കര്‍ഷകര്‍ക്ക് 449 കോടി രൂപ ബാങ്ക് എക്കൗണ്ടുകളിലേക്ക് നല്‍കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. പശ്ചാത്തല മേഖലയുടെ വികസനത്തിനൊപ്പം മനുഷ്യരുടെ ജീവിതാവസ്ഥകളെ കൂടി മെച്ചപ്പെടുത്താനാകണമെന്നും അതിനായി മികച്ച വിദ്യാഭാ്യാസം നല്‍കണമെന്നും ചടങ്ങില്‍ അധ്യക്ഷനായ  നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. ഓരോ വിഷയങ്ങളിലുമുള്ള പരിഗണനകള്‍ യാഥാര്‍ത്ഥ്യബോധമുള്ളതാകണം. നെഹ്‌റു യുവകേന്ദ്രയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എം.എല്‍.എ പറഞ്ഞു.

 ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ പ്രേംകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.  കൈറ്റ്‌സ് ഫൗണ്ടേഷന്‍ സംസ്ഥാന ഡയറക്ടര്‍ വിഷ്ണു ഉല്ലാസ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി ഉണ്ണികൃഷ്ണന്‍, എന്‍.വൈ.കെ അക്കൗണ്ടന്റ് പി അസ്മാബി എന്നിവര്‍ സംസാരിച്ചു. ഒന്നാം ദിനത്തിലെ ആദ്യ സെഷനില്‍ ' സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.പി മന്‍സിയ എന്നിവര്‍ സംസാരിച്ചു. ' ലിംഗ സമത്വം, ഭിന്ന ലൈംഗികത' എന്ന വിഷയത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും കവയത്രിയുമായ വിജയരാജമല്ലിക, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ശ്യാമ എസ് പ്രഭ എന്നിവരും' സംരംഭകത്വം' എന്ന മൂന്നാം സെഷനില്‍ ഐറാലൂം സ്ഥാപക ഹര്‍ഷ പുതുശ്ശേരി, സാറാ ബയോടെക് ഇന്ത്യ സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ഹനീഫ് എന്നിവരും പ്രഭാഷണം നടത്തി.  
രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ ' തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വിജി പെണ്‍കൂട്ട്, വനിത സെല്‍ എസ്.ഐ എന്‍.എ വിനയ എന്നിവരും ' വികസനത്തില്‍ യുവാക്കളുടെ നേത്യത്വപരമായ പങ്ക് ' എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ വി.ടി ബല്‍റാമും സംസാരിക്കും.  ' ലഹരി വിരുദ്ധത' വിഷയത്തില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് പ്രഭാഷണം നടത്തും. സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസത്തെ യൂത്ത് പാര്‍ലമെന്റില്‍ സ്ത്രീ ശാക്തീകരണം, സംരംഭകത്വം, ലഹരി വിരുദ്ധത, ലിംഗ സമത്വം, ഭിന്ന ലൈംഗികത, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, വികസനത്തില്‍ യുവാക്കളുടെ നേത്യത്വപരമായ പങ്ക്് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. (ഫോട്ടോ സഹിതം)
 

date