Skip to main content

കിസാന്‍ റെയില്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി ജെ. ചിഞ്ചു റാണി

കിസാന്‍ റെയില്‍ പദ്ധതി കേരളത്തില്‍
യാഥാര്‍ഥ്യമാക്കും: മന്ത്രി ജെ. ചിഞ്ചു റാണി

കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് കിസാന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറഞ്ഞ ചെലവില്‍ കാലിത്തീറ്റയും അസംസ്‌കൃത വസ്തുക്കളും കേരളത്തിലേക്ക് എത്തിക്കാന്‍ കിസാന്‍ റെയില്‍ വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനും  പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും   പദ്ധതി സഹായകമാകും. 24 മണിക്കൂറും സേവന സജ്ജമായ ടെലിവെറ്റിനറി യൂണിറ്റ് ക്ഷീര കര്‍ഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ എത്തിക്കുന്നതിന് നടപടികളാരംഭിച്ചിട്ടുണ്ട്. പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

 ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. കെ.സി.എം.എം.എഫ്. ചെയര്‍മാന്‍ കെ.എസ് മണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നബീസ അസീസ് മയ്യേരി, ഫൈസല്‍എടശ്ശേരി, ഇ അഫ്‌സല്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കുമാരന്‍, കൗണ്‍സിലര്‍മാരായ വി നന്ദന്‍ മാസ്റ്റര്‍, നിര്‍മല കുട്ടികൃഷ്ണന്‍ , മില്‍മ ഡയറക്ടര്‍ ടി.പി ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുമരക്കാവ് ക്ഷീര സംഘം പ്രസിഡന്റും ജില്ലാ ക്ഷീര കര്‍ഷക സംഗമം ചെയര്‍മാനുമായ കെ.പി മുസ്തഫ സ്വാഗതവും മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല ഖമര്‍ നന്ദി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ ക്ഷീരകര്‍ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഡയറി എക്‌സ്‌പോ, സഹകരണ ശില്‍പ്പശാല,  ക്ഷീര കര്‍ഷക സെമിനാര്‍, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാര്‍ക്കും ഭാരവാഹികള്‍ക്കമുള്ള  മത്സര പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പ്, ഗവ്യ ജാലകം, പ്രശ്‌നോത്തരി, ക്ഷീര കര്‍ഷക ക്ഷേമനിധി അദാലത്ത്, കലാസന്ധ്യ ക്ഷീരകര്‍ഷകരെ ആദരിക്കാന്‍. എന്നിവയും സംഘടിപ്പിച്ചിരുന്നു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിതലപഞ്ചായത്ത്, മില്‍മ, കേരളാഫീഡ്‌സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്  ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്.

ഫോട്ടോ:  തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ ക്ഷീരകര്‍ഷക സംഗമം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

date