Skip to main content

വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ജില്ലാതല നിക്ഷേപക സംഗമം

ജില്ലയിലെ നിക്ഷേപ സാധ്യതകളും സംരംഭകരുടെ നൂതന ആശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും നവ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി  വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍  ജില്ലാ വ്യവസായ കേന്ദ്രം ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. പി ഉബൈദുള്ള എം.എല്‍.എ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം അധ്യക്ഷനായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ച് നടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, ഇന്‍കെല്‍, ഐ.സി.എഫ്.സി, കെ.എസ്.പി.ബി.സി, കെ.എഫ്.സി.എഫ് തുടങ്ങിയ സ്ഥാപനങ്ങളിലയും ജില്ലയിലെ വിവിധ ബാങ്കുകളിലെയും പ്രതിനിധികള്‍ സ്‌കീമുകളും സേവനങ്ങളും വിശദീകരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ സ്വാഗതവും വ്യവസായ കേന്ദ്രം മാനേജര്‍ മുജീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.  നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത 120 ഓളം  സംരംഭകര്‍ വൈവിധ്യമാര്‍ന്ന പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.  വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി. കയറ്റുമതി-ഇറക്കുമതി നിയമങ്ങള്‍, നിബന്ധനകള്‍, കെ-സ്വിഫ്റ്റ്, കണ്‍സേണ്‍സ് ആന്റ് ക്ലിയറന്‍സ്, വകുപ്പുകളുടെ പദ്ധതികള്‍ എന്നിവ സംബന്ധിച്ച ക്ലാസുകള്‍ സംരംഭകര്‍ക്ക് ഉപകാരപ്രദമായി.  പരിപാടിയുടെ ഭാഗമായി വരും വര്‍ഷങ്ങളില്‍  188.78 കോടി രൂപയുടെ വ്യവസായ നിക്ഷേപം ജില്ലയില്‍ ആരംഭിക്കുകയും അതുവഴി 2244 പേര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമാണ് ലക്ഷ്യം.
 

date