Skip to main content

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയ്ക്ക് ജില്ലയില്‍ ആവേശതുടക്കം. പുളിക്കല്‍ പി.വിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ കുടുംബശ്രീ ഹോം ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്റ് ടീമംഗങ്ങളായ പ്രസാദ് കൈതക്കല്‍, സതീശന്‍ സ്വപ്‌നക്കൂട് എന്നിവരെ  ടി.വി ഇബ്രാഹിം എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മുഹമ്മദ് മാസ്റ്റര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്കല്‍ ഏറ്റുവാങ്ങി. സി.എല്‍.സിമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കോയ അധ്യക്ഷനായി. ഹോംഷോപ്പ് പദ്ധതി  കോര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജമീല ടീച്ചര്‍,ചെമ്പന്‍ മുഹമ്മദലി, ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  സുഭദ്ര ശിവദാസന്‍, പി.കെ.സി അബ്ദുള്‍റഹ്‌മാന്‍, എ.കെ അബ്ദുറഹ്‌മാന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി മുരളീധരന്‍, ആഷിക്, സുനില്‍ മാസ്റ്റര്‍, ഫൈസല്‍ കൊലോളി, ഖയറുന്നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതവും  സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖദീജ നന്ദിയും പറഞ്ഞു.

 ശിങ്കാരിമേളവും മാര്‍ഗംകളിയും കോല്‍ക്കളിയും നാടന്‍പാട്ടും മറ്റ്  വിവിധ കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള പ്രാദേശിക  യൂണിറ്റുകള്‍ തയാറാക്കുന്ന മായമില്ലാത്ത വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍, വാര്‍ഡുകള്‍ തോറും ഹോംഷോപ്പുകള്‍ സ്ഥാപിച്ച് സുസ്ഥിരമായ വിപണന ശൃംഖല സൃഷ്ടിക്കുന്ന നൂതന പദ്ധതിയാണ് കുടുംബശ്രീ പദ്ധതി.

date