Skip to main content

ഗ്രാമവണ്ടിയുമായി എളവള്ളി പഞ്ചായത്ത്

കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി എളവള്ളി പഞ്ചായത്തിലും ഓടാന്‍ തയ്യാറാകുന്നു. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവുമായി ഭരണസമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി  ബസ് റൂട്ട് തയ്യാറാക്കി അടിയന്തരമായി ഗതാഗത വകുപ്പിന് സമര്‍പ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് ബസ് സര്‍വീസ് ആരംഭിക്കും.

ഗ്രാമീണമേഖലയില്‍ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഗുരുവായൂര്‍, മറ്റം, പാവറട്ടി, പൂവ്വത്തൂര്‍, താമരപ്പിള്ളി, പെരുവല്ലൂര്‍ എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഗ്രാമപഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും യാത്ര സൗകര്യം ഒരുക്കുന്നത്. പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സി.യുടെ ഒരു ബസ്സാണ് ഗ്രാമവണ്ടിയായി മാറുന്നത്. 

ഒരു വര്‍ഷം 15 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ വണ്ടിയ്ക്കു വേണ്ടി വകയിരുത്തുന്നത്. പ്രതിദിനം ഗ്രാമപഞ്ചായത്ത് 4000 രൂപ ഇന്ധന ചെലവിലേക്ക് നല്‍കും. ടിക്കറ്റ് നിരക്ക് സാധാരണത്തേതില്‍ നിന്ന് വ്യത്യാസമൊന്നുമില്ല. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.

date