Skip to main content

"ഉന്നതി"യുടെ കരുത്തിൽ നേട്ടം സ്വന്തമാക്കി തൃശൂർ സ്വദേശിനികൾ 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ"ഉന്നതി"പദ്ധതി പ്രകാരം നൈപുണ്യ വികസന പരിശീലനം ലഭിച്ച് സംരംഭം ആരംഭിച്ചവരിൽ തൃശൂർ സ്വദേശിനികളും. മാടക്കത്തറ ഗ്രാമപഞ്ചായത്ത് കട്ടിലപൂവം സ്വദേശിയായ കലോലിക്കൽ ഹൗസിൽ റോഷ്നി രാജേഷും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ മുണ്ടംതറ ഹൗസിൽ മിനിയുമാണ് സ്വയം തൊഴിൽ സംരംഭത്തിലൂടെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആദരവിന്റെ ഭാഗമായിരിക്കുന്നത്. മാർച്ച് 24ന് ഡൽഹിയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുവരെയും ആദരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 75 തൊഴിലാളികളെയാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്നത്. ഉന്നതി പദ്ധതിയുടെ ഭാഗമായി അച്ചാർ, പപ്പടം, കറിപ്പൊടി, നിർമ്മാണത്തിൽ പരിശീലനം നേടുകയും ചെറിയ സംരംഭങ്ങൾ ആരംഭിക്കാനായതുമാണ് ഇരുവരെയും  ആദരവിന് അർഹയാക്കിയത്. 2020-2021 ബാച്ചിലാണ്  റോഷ്നി പരിശീലനം നേടിയത്. പരിശീലനം ലഭിച്ചത് മുതൽ ഒരു വർഷമായി കറിപ്പൊടി നിർമ്മാണത്തിൽ സംരംഭം തുടങ്ങി വിജയം കൈവരിക്കാൻ ഇവർക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുടെ വൈദഗ്ധ്യ പോഷണത്തിനായി നടപ്പാക്കുന്ന അനുബന്ധ പദ്ധതിയാണ് ഉന്നതി. പദ്ധതി പ്രകാരം ബ്ലോക്കുകളിൽ  തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നു.

date