Skip to main content

ആറന്മുള മണ്ഡലത്തില്‍ 65654 പുതിയ കുടിവെള്ള കണക്ഷനുകള്‍; പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

ആറന്മുള മണ്ഡലത്തില്‍ 65654 പുതിയ കുടിവെള്ള കണക്ഷനുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ സമഗ്ര യോഗം വിളിച്ചു ചേര്‍ത്ത് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടെയാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നത്. ആറന്മുള മണ്ഡലത്തില്‍ പതിനായിരത്തോളം പുതിയ കണക്ഷനുകള്‍ രണ്ടു വര്‍ഷമായി നല്‍കിയിട്ടുണ്ട്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇല്ലാത്ത കുടിവെള്ള പദ്ധതികളില്‍ പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. നാരങ്ങാനം, കടലിക്കുന്ന്, ചെന്നീര്‍ക്കര, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും.

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 12 പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷനും പത്തനംതിട്ട നഗരസഭയില്‍ അമൃത് പദ്ധതിയുമാണ് നടപ്പാക്കുക.  കാലഹരണപ്പെട്ട പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. പത്തനംതിട്ട നഗരസഭയില്‍ 11.50 കോടി രൂപയുടെ കിഫ്ബി പദ്ധതി പുരോഗമിക്കുകയാണ്. ചെന്നീര്‍ക്കര-മെഴുവേലി പദ്ധതിയിലെ പൈപ്പ് ലൈന്‍ ഇടല്‍ പൂര്‍ത്തിയായി. മരംകൊള്ളി, നിരവില്‍ കോളനി തുടങ്ങിയ ഇടങ്ങളിലേയും പൈപ്പ് ലൈന്‍ ഇടല്‍ പൂര്‍ത്തിയായി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ശാക്തീകരിച്ച മൈലാടുംപാറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യും.

 

നാരങ്ങാനത്ത് തോന്നിയാമല മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും ടാങ്കിനുമായി വിട്ടു നല്‍കി. ഇവിടെ പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്തു. കോഴഞ്ചേരിയിലും പൈപ്പ് ലൈനുകള്‍ പൂര്‍ണമായും മാറ്റി ഇടും.  പത്തനംതിട്ടയില്‍ പുതിയ പമ്പ് സെറ്റും പമ്പിംഗ് മെയിനും ഉള്‍പ്പെടെ സ്ഥാപിക്കും. മണിയാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുവരുന്ന പദ്ധതി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നഗര പ്രദേശങ്ങള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് അമൃത് പദ്ധതി. അതില്‍ 6.59 കോടി രൂപയാണ് പത്തനംതിട്ടയ്ക്ക് അനുവദിച്ചിരിക്കുന്നത്. കണക്ഷനുകളുടെ എണ്ണം കൂടിയതു കൊണ്ട് സ്രോതസില്‍ ജലലഭ്യത ഉറപ്പാക്കാന്‍ നദിക്കുള്ളില്‍ ചെക്ക് ഡാം ഉള്‍പ്പെടെ ആവശ്യമെങ്കില്‍ നിര്‍മിക്കും. ഇതിനായി വാട്ടര്‍ അതോറിറ്റി ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 2024 ഓടെ ആറന്മുള മണ്ഡലത്തില്‍ എല്ലാവര്‍ക്കും കുടിവെള്ളമെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
 

date