Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-03-2022

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നും നാളെയും ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നും നാളെയും (മാര്‍ച്ച് 19, 20) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  മാര്‍ച്ച് 19 ശനി രാവിലെ ഒമ്പത് മണി - മാതൃമലയാളം മധുര മലയാളം പ്രഥമ പുരസ്‌കാര ദാന ചടങ്ങ് - മക്തബ് ഹാള്‍,- തളിപ്പറമ്പ്, 9.30 - പത്ര സമ്മേളനം - തളിപ്പറമ്പ് പ്രസ് ക്ലബ്ബ്, 10.30 -ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം - മാതമംഗലം ബസാര്‍, 11.30 - പയ്യന്നൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ നവീകരിച്ച ചെറുപുഴ ശാഖ ഉദ്ഘാടനം - ചെറുപുഴ ടൗണ്‍, ഉച്ചക്ക് 2.30 - മന്ത്രിസഭാ വാര്‍ഷികം -  യോഗം- കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 3.30 - കിളിയന്തറ ബാങ്ക് നീതി ബില്‍ഡിങ് മെറ്റീരിയല്‍സ് ഉദ്ഘാടനം - വള്ളിത്തോട്, 4.30 - സെമിനാര്‍ - മട്ടന്നൂര്‍.
20ന് ഞായര്‍ രാവിലെ 9 മണി - സ്‌നേഹ വീട് താക്കോല്‍ദാനം - മോറാഴ, 10 മണി -  ഇരിങ്ങല്‍ യു പി സ്‌കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം - സി പൊയില്‍, 11 മണി - ഹിന്ദുസ്ഥാന്‍ അഗ്രോ മാേന്വര്‍സ് ഉദ്ഘാടനം - കിന്‍ഫ്ര പാര്‍ക്ക് നാടുകാണി, 12 മണി - ഒടുവള്ളിത്തട്ട് സി എച്ച് സി ഐസൊലേഷന്‍ വാര്‍ഡ് പ്രവൃത്തി ഉദ്ഘാടനം, വൈകിട്ട് മൂന്ന് മണി - തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിരക്ഷ കൗണ്‍സലിങ് പരിപാടി ഉദ്ഘാടനം, അഞ്ച് മണി - തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച 187 സുരക്ഷാ ക്യാമറകളുടെ ഉദ്ഘാടനം - മയ്യില്‍ ടൗണ്‍.

'ഇടം'ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തെ അടിസ്ഥാനമാക്കി ആരംഭിക്കുന്ന'ഇടം'  ബോധവല്‍ക്കരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍  ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ കാവ്യ, സോന മാത്യൂ, സന്ധ്യ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
'ലിംഗനിരപേക്ഷമായ ആരോഗ്യ സമത്വം എല്ലാവര്‍ക്കും' എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.   സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഇതര ലൈംഗിക വിഭാഗങ്ങള്‍ക്ക് കൂടി പ്രാപ്യമാക്കുക എന്നതും ക്യാമ്പയിനിന്റെ ഭാഗമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതുആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക.
ചടങ്ങില്‍ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍,  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍,  ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ ജോസഫ് മാത്യു, എന്‍ എച്ച് എം മാസ്സ് മീഡിയ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ഭൂമിക കോ ഓര്‍ഡിനേറ്റര്‍  എം രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്രന്റിസ് ട്രെയിനിങ് കോണ്‍ട്രാക്ട് വിതരണം ചെയ്തു

പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യവുമായി കേന്ദ്ര നൈപുണ്യ  സംരഭകത്വ വികസന മന്ത്രാലയവും കേരള വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്ന് അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍ എം പി രാജേഷ് മേള ഉദ്ഘാടനം ചെയ്തു. അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതിയുടെ ശാക്തീകരണം വിപുലീകരണം എന്നിവയുടെ ഭാഗമായാണ് മേള നടത്തുന്നത്. മേളയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ് കെ ഷമ്മി വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ് ട്രെയിനിഗ് കോണ്‍ട്രാക്ട് വിതരണം ചെയ്തു. 660 ല്‍ പരം മേഖലകളില്‍ അപ്രന്റിസ് പരിശീലനം നേടുന്നതിനുള്ള അവസരം മേളയിലൂടെ ലഭിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഐ ടി ഐ വിദ്യാര്‍ഥികള്‍ക്കാണ് അപ്രന്റീസ്ഷിപ്പ്  ലഭിക്കുക. സര്‍വ്വേയിലൂടെ ഇതുവരെ 212 അപ്രന്റിസ് ഒഴിവുകള്‍ കണ്ടത്തി. ആര്‍ ഐ സെന്റര്‍ ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ (ടെക്‌നിക്കല്‍) ജയചന്ദ്രന്‍ മണക്കാട്ട് ഐ ടി ഐ വിദ്യാര്‍ഥികള്‍ക്കും, വിവിധ വ്യവസായ സ്ഥാപന മേധാവികള്‍ക്കും അപ്രന്റീസ് ബോധവല്‍ക്കരണ ക്ലാസെടുത്തു. വ്യാവസായിക പരിശീലന വകുപ്പ് മേഖലാ കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ സി രവികുമാര്‍ അധ്യക്ഷനായി. ആര്‍ ഐ സെന്റര്‍ അസി.അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ എ പി നൗഷാദ്,  എംപ്ലോയ്‌മെന്റ് ഓഫീസര്‍ രമേശന്‍ കുനിയില്‍, ഗവ.ഐ ടി ഐ പ്രിന്‍സിപ്പല്‍ ടി മനോജ് കുമാര്‍, കെല്‍ട്രോണ്‍ അസി.മാനേജര്‍ എ ജി ഹരികൃഷ്ണന്‍, വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ജനറല്‍ മാനേജര്‍ പി എം സുധാകരന്‍,  ആര്‍ ഐ സെന്റര്‍ ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ (നോണ്‍ ടെക്‌നിക്കല്‍) എ പി ഗിരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അപ്രന്റീസ്ഷിപ്പിനായി www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്: ധാരണാപത്രം ഒപ്പിട്ടു

ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയിലെ ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും 31 പഞ്ചായത്തുകളിലും  ഹരിത മിത്രം ഗാര്‍ബേജ് ആപ്പ് നിലവില്‍ വരും. ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് പദ്ധതി നടപ്പാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായി ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 500 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്  പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍, കെല്‍ട്രോണ്‍ ഏരിയാ മാനേജര്‍ എന്നിവര്‍ ചേര്‍ന്നുള്ള തൃകക്ഷി ധാരണാ പത്രമാണ് ഒപ്പുവച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കായുള്ള പരാതി പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ ആയി സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്. കെല്‍ട്രോണിന് പദ്ധതിത്തുക സ്ഥാപനങ്ങള്‍ കൈമാറുന്നതോടെ ഹരിതകര്‍മ്മ സേനയുള്‍പ്പെടെയുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കുന്നതിന്നും വരിസംഖ്യ അടക്കുന്നതിനുമൊക്കെ  ആപ്പ് വഴി സാധ്യമാകും. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമുള്ള കസ്റ്റമര്‍ ആപ്പ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഹരിത മിത്രം വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ശുചിത്വമിഷനെ പ്രതിനിധീകരിച്ച് അസിസ്റ്റന്‍ഡ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ആന്റ് ജില്ലാ  കോര്‍ഡിനേറ്റര്‍ പി എം രാജീവ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ നാരായണന്‍, കെല്‍ട്രോണ്‍ പദ്ധതി കോര്‍ഡിനേറ്റര്‍ അഖില്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എ ഗിരാജ് എന്നിവര്‍ പങ്കെടുത്തു.

'കൂട്ടുകാരാകാം ജീവിക്കാം'പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ഗ്ഗാത്മക ദാമ്പത്യ ബന്ധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദമ്പതികള്‍ക്കായി പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 'കൂട്ടുകാരാകാം ജീവിക്കാം' എന്ന പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ച് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ ആരൂഢത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും നവദമ്പതിമാര്‍ക്കുള്ള കൗണ്‍സലിങ് ക്ലാസിന്റെയും ഉദ്ഘാടനം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി മാര്‍ച്ച് 19 ശനി രാവിലെ 10.30ന് നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.  ഹൃദയാരാം ഡയറക്ടര്‍ റിന്‍സി അഗസ്റ്റിന്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്കുള്ള ക്ലാസെടുക്കും.

ഡിജിറ്റല്‍ റീസര്‍വ്വെ; യോഗം ചേര്‍ന്നു

വളപട്ടണം വില്ലേജ് ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല കമ്മറ്റി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി ഷമീമ അധ്യക്ഷത വഹിച്ചു.   വൈസ് പ്രസിഡണ്ടഷ് വി കെ സി ജംഷീറ, ആേരാഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ ടി ഷഹീര്‍, പഞ്ചായത്ത് അംഗങ്ങളായ എം ലളിതാദേവി, അബ്ദുറഹിമാന്‍, ശശിധരന്‍, പയ്യന്നൂര്‍ റീസര്‍വ്വെ സൂപ്രണ്ട് എം ഉണ്ണികൃഷ്ണന്‍,  ഹെഡ് സര്‍വ്വെയര്‍മാരായ എം വി രമേശന്‍, പി വിനോദ്, റോയ് തോമസ്, സര്‍വ്വെയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  യോഗത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.  

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ ജില്ലയിലെ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍  സംസ്ഥാന റൂട്രോണിക്‌സ്നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ റഗുലര്‍ ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളും പുരുഷന്മാരും മാര്‍ച്ച്  31നകം പേര് രജിസ്റ്റര്‍ ചെയ്യണം.  എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. ഫോണ്‍:  0497 2800572, 2931572, 9496015018.
 
പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍; രചനാ മത്സര വിജയികള്‍

ജില്ലയില്‍ നടന്നു വരുന്ന പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ സന്ദേശം കൂടുതല്‍  വിദ്യാര്‍ഥികളിലും പൊതു ജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്.  വിദ്യാര്‍ഥികള്‍ക്കിടയില്‍ കവിതാരചന, പ്രബന്ധ രചന  മല്‍സരങ്ങളും  പൊതു ജനങ്ങള്‍ക്കിടയില്‍ മുദ്രാവാക്യ രചനാ  മല്‍സരവുമാണ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ജില്ലാ കളക്ടറുടെ സാക്ഷ്യപത്രത്തോടൊപ്പം അഭയം വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. കുട്ടികളിലും മുതിര്‍ന്നവരിലും ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ കാമ്പയിനിന്റെ അന്തസത്ത കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ഇതുപോലെയുള്ള  മത്സരങ്ങള്‍  സഹായിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
മത്സര വിജയികള്‍ -  കവിതാ രചനാ മല്‍സരം - ഹൈസ്‌കൂള്‍ വിഭാഗം - ഹര്‍ഷിത്ത് ജയകുമാര്‍, കരിവെള്ളൂര്‍ എവിഎസ്ജിഎച്ച്എച്ച്എസ്, കെ എം മയൂഖ, ജിഎച്ച്എച്ച്എസ് വടക്കുമ്പാട്.
ഹയര്‍ സെക്കണ്ടറി വിഭാഗം - അദ്വൈത് എസ് പവിത്രന്‍.  ബിരുദ വിഭാഗം - കെ സി ദേവപ്രിയ, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ജി കെ പി നന്ദന, ഏച്ചൂര്‍ നളന്ദ കോളേജ്.
പ്രബന്ധ രചന മല്‍സരം - ഹൈസ്‌കൂള്‍ വിഭാഗം - കെ പി  ശില്‍പ, ജിഎച്ച്എച്ച്എസ്, മുണ്ടേരി,  പി പി ശ്രീയാഷ്., ജിഎച്ച്എച്ച്എസ്, ചട്ടുകപ്പാറ.
ഹയര്‍ സെക്കണ്ടറി വിഭാഗം -  സുര്യശ്രീ എസ് സുരേന്ദ്രന്‍, ബിരുദ വിഭാഗം - കെ അശ്വിനി, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ആര്‍ കാവ്യശ്രീ, ചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍.
മുദ്രാവാക്യരചനാ മല്‍സരം - കെ പി പ്രേമരാജന്‍, പൂക്കണ്ടം, കെ പി പ്രകാശിനി, മേലേചൊവ്വ.

പൊലീസ് പരാതി അതോറിറ്റി സിറ്റിങ് 21ന്

ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ് മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ നടത്തും.  21ന് വിചാരണ തീയതി ലഭിച്ചിട്ടുള്ളവര്‍ കൃത്യസമയത്ത് പൊലീസ് പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും

ഇരിണാവ് - അഞ്ചാംപീടിക റോഡില്‍ വളപട്ടണം - കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 251എ നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 19 ശനി ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും 20ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുതി ബില്ലുകള്‍ അടക്കണം

ഇരിക്കൂര്‍, ചെമ്പേരി, പയ്യാവൂര്‍, ശ്രീകണ്ഠാപുരം സബ് ഡിവിഷനുകളിലെ ഫെബ്രുവരി മാസത്തെ വൈദ്യുതി  ബില്ലുകള്‍ അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 19, 21, 22 തീയതിക്കുള്ളില്‍ അടച്ചു രശീതി കൈപ്പറ്റണമെന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മേല്‍ തീയതിക്കുള്ളില്‍ ബില്‍  അടക്കാത്ത കണക്ഷനുകള്‍ മാര്‍ച്ച് 23, 24 തീയതികളില്‍ വിച്ഛേദിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പേത്ത്, കല്ലുകെട്ടുചിറ, മുത്തപ്പന്‍ കാവ് ഭാഗങ്ങളില്‍ മാര്‍ച്ച് 19 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍  സെക്ഷനിലെ ചേപ്പാത്തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം  ഇലക്ട്രിക്കല്‍  സെക്ഷനിലെ മംഗലശ്ശേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍
മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവ് ബദര്‍ പള്ളി, ഫൈബര്‍, മുനീര്‍ മൊട്ട , പോസ്റ്റ് ഓഫീസ്, ഓയില്‍ മില്‍, ആയുര്‍വേദ ഹോസ്പിറ്റല്‍, ജസീന്തച്ചാല്‍ എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  കുറുവ ബാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ 10 മണി വരെയും തയ്യില്‍കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും കടലായി വാട്ടര്‍ടാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട്  ഇലക്ട്രിക്കല്‍ സെക്ഷനിലെ ശശി പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ  എട്ട് മുതല്‍ 10 മണി വരെയും കൊല്ലന്‍കണ്ടി ട്രാന്‍സ്ഫോര്‍മര്‍   പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പൂന്തോട്ടത്തില്‍ ജലസേചനത്തിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date