Skip to main content

കുടിവെള്ളത്തിനും ശുചിത്വത്തിനും മുൻതൂക്കം നൽകി പുന്നയൂർക്കുളം പഞ്ചായത്ത്

കുടിവെള്ളത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ബജറ്റ്. 46 ലക്ഷം രൂപയാണ് 2022 - 23 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി വകയിരുത്തിയിരിക്കുന്നത്. എല്ലാ വാർഡുകളിലും ജല സ്രോതസ്സ് കണ്ടെത്തുന്ന പദ്ധതികൾ ആവിഷ്കരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി  പഴയ തോടുകൾ, കുളങ്ങൾ, പൊതുകിണർ  എന്നിവ നവീകരിക്കും.

കുടിവെള്ളത്തിന് ജലജീവൻ മിഷനെ ആശ്രയിക്കാതെ എല്ലാ വാർഡുകളിലും സ്വാശ്രയ കുടിവെള്ള പദ്ധതികൾ ആവിഷ്കരിക്കുന്ന പദ്ധതികൾക്കാണ് പഞ്ചായത്ത് ഊന്നൽ നൽകുന്നത്. ഇതിനുവേണ്ടി കിണറുകളും കുഴൽ കിണറുകളും നിർമ്മിക്കുകയും കിണർ റീച്ചാർജിങ്ങ് അടക്കമുള്ള പദ്ധതികൾ കൂടുതൽ നടപ്പിലാക്കും. മഴക്കാലത്ത് ശുദ്ധജലം പാഴാകാതെ മഴവെള്ള സംഭരണികൾ നിർമ്മിച്ച്  ജല ശേഖരണം നടത്തും.

രണ്ടു വർഷത്തിനുള്ളിൽ സ്വാശ്രയ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ളക്ഷാമം  പരിഹരിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷെഹീർ പറഞ്ഞു. 

മണ്ണ്, ജലസംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്  22 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മഴക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം

date