Skip to main content

പുഴയ്ക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 1.57 കോടി രൂപ അനുവദിച്ചു

പുഴയ്ക്കല്‍ കെ.എല്‍.ഡി.സി കനാല്‍ പുഴയുമായി ചേരുന്ന ഭാഗത്ത് വലതു ബണ്ടില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് 1.57 കോടി രൂപയുടെ ഭരണാനുമതി. നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന ആവശ്യമുയര്‍ത്തി ഉന്നയിച്ച സബ്മിഷന് മറുപടിയായി നിലവിലെ പദ്ധതികളിലെ അധിക പണം ഉപയോഗിച്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കാമെന്ന് കൃഷിമന്ത്രി ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്. 

പുഴയ്ക്കല്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാവുന്ന വിധത്തിലുള്ള കനാല്‍ ബണ്ട് നിര്‍മ്മാണം മൂലം അടാട്ട് പഞ്ചായത്തിലെ അഞ്ച് മുതല്‍ ഏഴ് വരെയുള്ള വാര്‍ഡുകളില്‍ വര്‍ഷക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിനും വെള്ളക്കെട്ടിനും പരിഹാരമാകും. പുഴയ്ക്കലില്‍ നടപ്പാക്കാന്‍ പോകുന്ന ടൂറിസ്റ്റ് കോറിഡോര്‍ എന്ന പദ്ധതിയുടെ ഭാഗമായ കോള്‍നിലങ്ങളിലൂടെ ഉള്ള ബോട്ട് യാത്ര സാധ്യമാക്കുന്നതിനായി ബോട്ടുകള്‍ക്ക് പോകാന്‍ പാകത്തിന് ഉയരവും വീതിയുമുള്ള കഴകളായിരിക്കും റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഉണ്ടാവുക. പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ എല്‍ ഡി സി ചീഫ് എഞ്ചിനീയറായ എ ജി ബോബന്‍, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍  വി ജി സുനില്‍, പ്രോജക്ട് എഞ്ചിനീയര്‍ (ഇന്‍ചാര്‍ജ്) എന്‍ കെ അനു, ഓവര്‍സിയര്‍ എം രമേഷ് എന്നിവര്‍ പറഞ്ഞു. പതിയാര്‍കുളങ്ങര, പഴമുക്ക് ബണ്ടുകളുള്‍പ്പെടുന്ന പദ്ധതികള്‍ക്കും അംഗീകാരം ആയിട്ടുണ്ട്. എംഎല്‍എയുടെ നേതൃത്വത്തില്‍ കെ എല്‍ ഡി സി എഞ്ചിനീയര്‍മാര്‍, പടവ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ ആസൂത്രണം ചെയ്ത കോള്‍ മേഖലയിലെ വിവിധ പദ്ധതികളും ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ട്.

date