Skip to main content

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഒരുകോടി രൂപ അനുവദിക്കും- എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ 

 

 

 

മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഒരുകോടി രൂപ അനുവദിക്കുമെന്ന് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. സ്‌കൂളിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എം.എല്‍.എയുടെ പ്രഖ്യാപനം. സ്‌കൂള്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലിരുത്തി. 

സ്പോര്‍ട്സ് കോംപ്ലക്സ്, വി.എച്ച്.എസ്.ഇ കെട്ടിട നിര്‍മാണം എന്നിവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും കിറ്റ്ക്കോ അധികൃതര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ടിന് സുരക്ഷാഭിത്തി നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കംപ്യൂട്ടര്‍ ലാബിലേക്ക് 30 കംപ്യൂട്ടറുകള്‍ വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് യോഗത്തില്‍ അദ്ദേഹം അറിയിച്ചു. സ്‌കൂളിന്റെ സമഗ്ര കായിക വികസനത്തിനായുള്ള 'സ്മാര്‍ട്ട്' പദ്ധതി, പരിസ്ഥിതി സൗഹൃദ ക്യാമ്പസ് പദ്ധതി 'ഇല' എന്നിവയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ എം.എല്‍.എയ്ക്ക് സമര്‍പ്പിച്ചു.
          
അവലോകന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പ്രശാന്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ കെ.നിഷിദ്, ഹെഡ്മാസ്റ്റര്‍ വി.കെ.സന്തോഷ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍  ടി.കെ പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യു.എല്‍.സി.സി.എസ് എന്‍ജിനീയര്‍മാര്‍, കിറ്റ്ക്കോ സാങ്കേതിക വിദഗ്ധര്‍, സ്‌കൂള്‍ പി.ടി.എ, എസ്.എം.സി അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷമീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

date