Skip to main content

ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്

ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ആര്‍ദ്ര കേരള പുരസ്‌കാരം നല്‍കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ മൂല്യനിര്‍ണയത്തിലാണ് സംസ്ഥാനത്ത് ഏറ്റവുംമികച്ച പ്രകടനം നടത്തിയ മൂന്നാമത്തെ ഗ്രാമപഞ്ചായത്തായി നൊച്ചാടിനെ തിരഞ്ഞെടുത്തത്. ആറ് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കുന്നത്.

തദ്ദേശസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്.  പ്രതിരോധകുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളാണ്.

കോവിഡ് തീര്‍ത്ത സാമ്പത്തിക, സാമൂഹിക ആഘാതത്തെ കുറിച്ച് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 'നൊച്ചാട് മുതല്‍ ഗംഗ വരെ' എന്ന പേരില്‍ പഞ്ചായത്ത് പുസ്തകം പുറത്തിറക്കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരും വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുക.

 കുടുബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശങ്ങളുലുമുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വ്യാപിപ്പിച്ചു. ഡയാലിസിസ് രോഗികളുടെ വില കൂടിയ മരുന്നുകള്‍, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ രോഗികള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് സ്വീകരിച്ചു. ആരോഗ്യ മേഖലയും കാര്‍ഷിക വകുപ്പും ചേര്‍ന്ന് വീടുകളിലും തരിശ് നിലങ്ങളിലും ജൈവ പച്ചക്കറി കൃഷി നടപ്പാക്കിയിരുന്നു.

date