Skip to main content

ഉന്നതനിലവാരത്തില്‍ നവീകരിച്ച വൈപ്പിന്‍-പള്ളിപ്പുറം  റോഡ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു 

 

    ബിഎംബിസി മാനദണ്ഡത്തില്‍ നവീകരിച്ച വൈപ്പിന്‍ - പള്ളിപ്പുറം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ 51 റോഡുകളാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 

    തത്സമയം കുഴുപ്പിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങില്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. 20 കോടിരൂപ ചെലവില്‍ ഉന്നത നിലവാരത്തില്‍ നവീകരിച്ച വൈപ്പിന്‍-പള്ളിപ്പുറം റോഡ് വൈപ്പിന്‍കരയുടെ സര്‍വ്വതോന്‍മുഖമായ വികസനത്തില്‍ നിര്‍ണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

    കെഎസ്ടിപി യുടെ ഭാഗമാകുന്നതോടെ  അന്താരാഷ്ട്ര നിലവാരത്തില്‍ റോഡിന്റെ സമഗ്ര വികസനം സാധ്യമാകും. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആശയം ഉള്‍ക്കൊണ്ടാണ് പശ്ചാത്തല വികസനത്തില്‍ നാഴികക്കല്ലായ വൈപ്പിന്‍ ജെട്ടി മുതല്‍ മുനമ്പം ജെട്ടിവരെ 25.50 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചത്. മേഖലയിലെ പൊതുജീവിതത്തെയും മത്സ്യബന്ധന ടൂറിസം മേഖലകളെയും വളരെ ഗുണകരമായി ഈ പാത സ്വാധീനിക്കും. വിദേശ ടൂറിസ്റ്റുകളും, ആഭ്യന്തര ടൂറിസ്റ്റുകളും കൂടുതലായി ആശ്രയിക്കുന്ന ഈ റോഡ് എടവനക്കാട്, മുനമ്പം, കുഴുപ്പിള്ളി, ചെറായി എന്നീ ബീച്ചുകളിലേക്കുള്ള ലിങ്ക് റോഡുകളേയും ബന്ധിപ്പിക്കുന്നു. കാലപ്പഴക്കം മൂലം നശിച്ച മൂന്നു കലുങ്കുകള്‍ പുനര്‍നിര്‍മ്മിച്ചു. മൊത്തത്തില്‍ ഏകദേശം ഏഴു കിലോമീറ്റര്‍ വീതി വര്‍ധിപ്പിച്ചു.

    കെഎസ്ടിപി പദ്ധതിയില്‍ കഴിഞ്ഞമാസം ഏറ്റെടുത്തുകഴിഞ്ഞ ദേശീയപാതയില്‍ പരമാവധി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. 36 കോടി രൂപയാണ് പദ്ധതി ചെലവ്. റോഡ് മാര്‍ക്കിംഗുകള്‍, സുരക്ഷ മുന്നറിയിപ്പ് ബോഡുകള്‍, നിരീക്ഷണ ക്യാമറകള്‍, നടപ്പാതകള്‍ ഉള്‍പ്പെടെ റോഡ് സേഫ്റ്റി ഇമ്പ്രൂവ്‌മെന്റ് വര്‍ക്ക്സ് ഫോര്‍ വൈപ്പിന്‍ - മുനമ്പം പദ്ധതിയുടെ ഭാഗമായുണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാവേലികളും സീബ്ര ക്രോസിംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനകളും സ്ഥലലഭ്യത അനുസരിച്ച് ബസ്ബേകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പദ്ധതിയിലുണ്ടാകും. 25.18 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

    പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ആമുഖ പ്രസംഗം നടത്തി. മുന്‍ വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ്മ മുഖ്യാതിഥിയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജി അജിത്ത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിന്ദു കെ ദിവാകരന്‍ നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ: എം.ബി ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം വര്‍ഷ ഹരീഷ്,   ഫ്രാഗ് പ്രതിനിധി അനില്‍ പ്ലാവിയന്‍സ്, റോട്ടറി പ്രതിനിധി അഡ്വ: കെ.എ സാബു എന്നിവര്‍ പങ്കെടുത്തു. തദ്ദേശ സ്ഥാപന - രാഷ്ട്രീയപാര്‍ട്ടി  - സാമൂഹിക സംഘടനാ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

date