Skip to main content
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

നിരവധി റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍

നിരവധി റോഡുകളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ നവീകരിച്ച അടൂര്‍ -മണ്ണടി റോഡിന്റെ ഫലകം ആനച്ഛാദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. അടൂര്‍ -മണ്ണടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമാരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

 

സാമൂഹികക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടൂരില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ റോഡ് വികസനം കിഫ്ബി വഴി നടത്തുന്നുണ്ട്. ആര്‍ദ്രംപദ്ധതിയില്‍ മികച്ച വികസന മുന്നേറ്റമാണ് അടൂരില്‍ നടക്കുന്നത്. ഏഴംകുളം, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നത്. ഇത് അടൂരിന് അഭിമാനിക്കാവുന്നതാണ്. നിരവധി വിദ്യാലയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പറക്കോട് മാര്‍ക്കറ്റിന്റെ നിര്‍മാണത്തിന് ഡിപിആര്‍ ആയി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കും.

 

വേലുത്തമ്പി ദളവ സ്മാരക ഗവേഷണ മ്യുസിയത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു. ഇതോടെ ലോകനിലവാരമുള്ള മ്യുസിയമായി വേലുത്തമ്പി ദളവ മ്യുസിയം മാറും. പിഡബ്ല്യുഡി കോംപ്ലക്്‌സിനായി മൂന്നു കോടി രൂപയും അനുവദിച്ചു. അടൂര്‍ ജംഗ്ഷനില്‍ ഇരട്ടപ്പാലം 15 കോടി രൂപ മുതല്‍ മുടക്കി പൂര്‍ത്തിയാക്കി. ആപ്രോച്ച് റോഡ്, സൗന്ദര്യവത്ക്കരണം, കാത്തിരിപ്പ് കേന്ദ്രം എന്നിവയും പൂര്‍ത്തിയാക്കി. കടമ്പനാട് പഞ്ചായത്തില്‍ എട്ടു മിനി മാസ്‌ക്ക് ലൈറ്റ്, കൊടുമണ്‍, പന്തളം തെക്കേക്കര എന്നിവിടങ്ങളില്‍ 16 ലൈറ്റ് എന്നിവയും നല്‍കിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

 

കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് ഷിബു, കടമ്പനാട് പഞ്ചായത്ത് മെമ്പര്‍മാരായ പ്രസന്നകുമാരി, ലിന്റോ യോഹന്നാന്‍, സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, അരുണ്‍ കെ എസ് മണ്ണടി, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ. സാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ജി. മോഹനേന്ദ്രകുറുപ്പ്, പത്തനംതിട്ട പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനു തുടങ്ങിയവര്‍ സംസാരിച്ചു. അജിത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date