Skip to main content

പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷവൽക്കരണം വ്യാപിപ്പിക്കും:  മന്ത്രി എ.കെ. ശശീന്ദ്രൻ

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷ വൽക്കരണം വ്യാപിപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വനം വകുപ്പ് സാമൂഹികവനവൽക്കരണ വിഭാഗത്തിന്റ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാവനം,ഫോറസ്ട്രി ക്ലബ് രൂപീകരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഗോളതാപനം മൂലം പ്രകൃതിക്കുണ്ടായ മാറ്റങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇവയെ ഫലപ്രദമായി തടയാൻ വൃക്ഷവൽക്കരണം വഴി ഒരു പരിധി വരെ സാധിക്കും. വനസമൃദ്ധി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിന് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഹരിത മേലാപ്പ് വർധിപ്പിക്കുന്നതിനൊപ്പം ഹരിതഗൃഹ വാതക തോത് പൂജ്യം ശതമാനത്തിൽ എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. 2032-ൽ ഈ  ലക്ഷ്യം കൈവരിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി പുതുതലമുറയെ സജ്ജമാക്കും. സ്‌കൂൾതലം മുതൽ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മാത്രമേ പ്രകൃതിസംരക്ഷണത്തിന് കൂടുതൽ സാധ്യതകൾ ഉണ്ടാകൂ. ഇതിനായി വിദ്യാവനം പദ്ധതി കൂടുതൽ വിപുലമാക്കും. സംസ്ഥാനത്ത് നിലവിൽ 28 വിദ്യാവനങ്ങളാണ് പ്രവർത്തിക്കുന്നത.  ഫോറസ്ട്രി ക്ലബ്ബുകൾക്ക് പരിപാലന ചുമതല നൽകി വിദ്യാവനങ്ങൾ സംരക്ഷിക്കും. ബന്ധപ്പെട്ട സ്‌കൂളുകളിൽ ഒരു അധ്യാപകന് അല്ലെങ്കിൽ അധ്യാപികയ്ക്ക് ഇതിന്റെ പ്രധാന ചുമതല നൽകി പദ്ധതി ശാക്തീകരിക്കും. മൂന്നു മുതൽ അഞ്ചു വർഷം വരെ തൈകൾക്ക് സംരക്ഷണം ഒരുക്കുന്ന പ്രവർത്തനം ഇതുവഴി സാധ്യമാകും.
വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന സ്‌കൂളുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കും. നല്ല തോട്ടം സംരക്ഷിക്കുന്ന സ്‌കൂളുകൾക്ക് വനംവകുപ്പ് വഴി അവാർഡ് നൽകുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്. സർക്കാർ ആരംഭിച്ചിരിക്കുന്ന വൃക്ഷ സമൃദ്ധി പദ്ധതി വഴി വച്ചുപിടിപ്പിക്കുന്ന തൈകളുടെ പരിചരണവും സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണം ഉറപ്പാക്കി നടപ്പാക്കും. 47 ലക്ഷം തൈകൾ നട്ടു വളർത്താൻ ഉദ്ദേശിക്കുന്ന പദ്ധതി വഴി തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ  വർധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
2021ലെ കോട്ടയം ജില്ലയിലെ വനമിത്ര പുരസ്‌കാരം മഹാത്മാഗാന്ധി സർവകലാശാലയ്ക്കു വേണ്ടി രജിസ്ട്രാർ ബി. പ്രകാശ് കുമാർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഫലകവും സർട്ടിഫിക്കറ്റും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്‌കൂളുകൾക്കുള്ള വൃക്ഷത്തൈ വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സ്വന്തം വീടും പരിസരവും മരങ്ങൾ വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കി മാതൃകയായ വിരമിച്ച കോളജ് അധ്യാപകൻ  ജേക്കബ്ബ് മാണിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. അഞ്ചു സെന്റ് സ്ഥലത്ത് നക്ഷത്രവനം പരിപാലിക്കുന്ന പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ, ക്യാമ്പസിൽ മാതൃകാപരമായി വൃക്ഷ പരിപാലനം നടത്തുന്ന പാമ്പാടി വെള്ളൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയ്ക്കും ആദരവ് നൽകി. പ്രിൻസിപ്പൽമാർ ആദരവ് ഏറ്റുവാങ്ങി.  
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. കെ.എഫ്.ഡി.സി. ചെയർപേഴ്‌സൺ ലതിക സുഭാഷ്, എ.പി.സി. സി.എഫ്. (സോഷ്യൽ ഫോറസ്ട്രി) ഇ. പ്രദീപ് കുമാർ, നഗരസഭാംഗം സിൻസി പാറയിൽ. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പി.പി. പ്രമോദ്, എൻ.ടി. സാജൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. കെ. അനിൽകുമാർ, സി.കെ. ശശിധരൻ, ബെന്നി മൈലാട്ടൂർ എന്നിവർ പങ്കെടുത്തു.

date