Skip to main content

നാലാം വർഷത്തിലേക്കുയർന്ന് ദിശ വിദ്യാർത്ഥികൾക്ക് അവധിക്കാല ആഘോഷങ്ങൾ സംഘടിപ്പിച്ച് വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത്

 

വിദ്യാർത്ഥികളുടെ അവധിക്കാലം ആഘോഷമാക്കാൻ വ്യത്യസ്ത പദ്ധതികളുമായി വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത്. പഠന കാലത്ത് ആവേശമായി മാറിയ ദിശ പദ്ധതിയുടെ പ്രവർത്തകർ തന്നെയാണ് അവധിക്കാലത്തും വിദ്യാർത്ഥികളോടൊപ്പം ചേരുന്നത്. പഠന യാത്രകളും അവധിക്കാല ക്യാമ്പുകളും അവധിക്കാലത്തെ ആഘോഷമാക്കാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

വിദ്യഭ്യാസരംഗത്ത് വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൻ്റെ മാതൃകാപരമായ പദ്ധതിയാണ് ദിശ. പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങളിൽ സഹായി ആയാണ് പദ്ധതി ആരംഭിച്ചത്. അധ്യായന വർഷം അവസാനിച്ചതോടെ സ്കൂളുകളും പഠനവീടുകളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെങ്കിലും പഠനയാത്രകളും അവധിക്കാല ക്യാമ്പുകളും സംഘടിപ്പിച്ച് കുട്ടികൾക്ക് പഠനം പാൽപ്പായസമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനായി ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. 

പഞ്ചായത്തിലെ മുഴുവൻ കുട്ടികളുടേയും അടിസ്ഥാന ശേഷികൾ ഉറപ്പിക്കുക, പഠനനിലവാരം തുടർച്ചയായി ഉയർത്തുക, കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുക, പൊതു വിദ്യാഭ്യാസ മികവിനായി ജനകീയ പ്രസ്ഥാനം പടുത്തുയർത്തുക, പഠന നിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 2018 മുതൽ ദിശയുടെ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് പരിധിയിലെ ഏഴ് പൊതുവിദ്യാലയങ്ങളിലായി പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള 1200ഓളം കുട്ടികൾക്കാണ് ഓരോ വർഷവും ഇതിൻ്റെ ഗുണഫലങ്ങൾ ലഭിക്കുന്നത്. 

പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കിയാണ് ദിശയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദഗ്‌ധരുടെ സഹായത്തോടെ സമഗ്രമായ പാഠ്യപദ്ധതിയായിരുന്നു തയ്യാറാക്കിയത്. വിദ്യാർഥികൾക്കു വേണ്ടി പ്രീ ടെസ്റ്റുകൾ നടത്തുകയും ഇതിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനം നൽകി മുൻപന്തിയിലേക്ക് കൊണ്ടുവരികയും ചെയ്തു. വർക്ക്ഷീറ്റുകൾ തയ്യാറാക്കി നൽകുകയും ശാസ്ത്രം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കുട്ടികളെ കൊണ്ട് തന്നെ ലഘുപഠന പ്രൊജക്ടുകളും പരീക്ഷണങ്ങളും  ചെയ്യിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ കണ്ടത് പിന്നീട് നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ആണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് പലമടങ്ങ്  കുട്ടികൾക്കായിരുന്നു സ്കോളർഷിപ്പ് ലഭിച്ചതെന്ന് ദിശ ചെയർമാൻ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ദിശ തുടങ്ങും മുൻപ് മൂന്ന് പേർക്കായിരുന്നു എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് ഒൻപത്, 18, 23 എന്നിങ്ങനെ വർധിച്ചു.

വായനശീലം വർദ്ധിപ്പിക്കാൻ പൂമൊട്ട്, 

കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കാൻ നിരവധി പദ്ധതികളാണ് ദിശയുടെ ഭാഗമായി പഞ്ചായത്ത് നടപ്പാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളായിരുന്നു വിവിധ സ്കൂളുകളിലേക്കായി വാങ്ങി നൽകിയത്. ഇവ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി ആസ്വാദനക്കുറിപ്പുകളും വായനാനുഭവങ്ങളും എഴുതുന്നതിനായി പൂമൊട്ട് എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ എഴുത്തു പുസ്തകങ്ങൾ നൽകിയിരുന്നു. ഇത് കൃത്യമായി പരിശോധിക്കുകയും ചെയ്തു. 

ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാൻ വീട്ടിൽ ഒരു ലാബ്

ദിശയുടെ ഭാഗമായി യു.പി വിഭാഗത്തിൽ പഠിക്കുന്ന 59 കുട്ടികൾക്ക് വേണ്ടി ലാബ് കിറ്റുകൾ നൽകി. സ്കൂളിൽ നിന്ന് പഠിച്ച പലകാര്യങ്ങൾക്കും വീട്ടിൽ നിന്ന്  പ്രായോഗിക പരിശീലനം കൂടി നേടാൻ ഇത് സഹായകമായി. 

സ്വന്തം നിലക്ക് സ്കോളർഷിപ്പുകൾ

മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്കുവേണ്ടി പ്രോത്സാഹനമായി സ്കോളർഷിപ്പുകൾ നൽകി. പ്രത്യേക പരീക്ഷ നടത്തി തിരഞ്ഞെടുത്ത 150 കുട്ടികൾക്ക് 500 രൂപ വീതമാണ് നൽകിയത്. പിന്നോക്കം പോയ വിദ്യാർഥികൾക്ക് അടുത്ത വർഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വാശിയുണ്ടാക്കുന്നത് കൂടിയായിരുന്നു ഇത്.

അധ്യാപകർക്കും വിദ്യാഭ്യാസം

ഐ.ടി, ഗണിതം, ശാസ്ത്ര വിഷയങ്ങൾ, ഇംഗ്ലീഷ് തുടങ്ങിയവയിൽ അദ്ധ്യാപകർക്കും കൂടുതൽ നൈപുണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപക കോൺഗ്രസ്സുകൾ സംഘടിപ്പിച്ചു. അധ്യാപകരുടെ പഠനയാത്ര, മികവിന്റെ കേന്ദ്രങ്ങൾ സന്ദർശിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. 

പാഠ്യേതര വിഷയങ്ങളിൽ പരിശീലനം

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പരിശീലനം നൽകാൻ പ്രത്യേക പരിപാടികളാണ് ദിശ വഴി നടപ്പാക്കിയത്. താൽക്കാലികമായി നിയമിച്ച അഞ്ച് പ്രത്യേക അധ്യാപകർ വിവിധ സ്കൂളുകളിൽ ചെന്ന് വിദ്യാർഥികൾക്കായി സംഗീതം, ക്രാഫ്റ്റ്, സ്പോർട്സ്, ചിത്രകല കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിൽ കൂടുതൽ പരിശീലനം നൽകി. ശാസ്ത്രമേളകൾ, കരകൗശല പ്രദർശനങ്ങൾ, ചിത്രപ്രദർശനം, ഗണിത മേള ആഗോളതാപനത്തിനെതിരെ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. ദിശയുടെ നേതൃത്വത്തിൽ 200ലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കായിക മേള നടത്തി.

കൂടുതൽ പരിശീലനത്തിനായി പഠനവീടുകൾ

വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായാണ് പഠന വീടുകൾ ആരംഭിച്ചത്. ഒരോ പ്രദേശത്തെ വിദ്യാർഥികൾക്കു വേണ്ടിയും അവിടുത്തെ സ്കൂൾ, അംഗനവാടി തുടങ്ങിയ സ്ഥലങ്ങളിൽ പഠനവീട് എന്നപേരിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇതിനുപുറമെ രക്ഷിതാക്കൾക്ക് വേണ്ടിയും ക്ലാസ്സുകൾ നടത്തി.

പൊതു വിദ്യാഭ്യാസ മേഖലയ്ക്കായി ജനകീയ സമിതികൾ

പൊതു വിദ്യാഭ്യാസത്തിൻറെ ഉന്നമനത്തിനായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ് തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. ഇത്തരം സമിതികൾ വഴിയാണ് ദിശയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

ലാഭേച്ഛയില്ലാത്ത അധ്യാപകർ

ദിശയുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ടവരാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരുകൂട്ടം റിസോഴ്സ് പേഴ്സൺമാർ. പഠന വീടുകളിലും മറ്റുമായി വിദ്യാർഥികൾക്ക് വേണ്ട പരിശീലനവും നിർദ്ദേശവും നല്കുന്നത് ഇവരാണ്. ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർഥികൾ മുതൽ എൻജിനീയർമാരും, അധ്യാപകരും, വിരമിച്ച അധ്യാപകരും ഉൾപ്പെടെയുള്ളവരാണ് ദിശയുടെ നെടുംതൂൺ. ഇവർക്കുവേണ്ടി മൂന്നു തവണയായി പ്രത്യേക പരിശീലനം നൽകിയിരുന്നു. 

കോവിഡിനെ തുടർന്ന് ഇടക്ക് നിർത്തിവെച്ചെങ്കിലും പൂർവാധികം ശക്തിയോടെയാണ് ഇക്കുറി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തിലെ മുഴുവൻ പേരും അണിനിരന്നതോടെയാണ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതെന്ന് ദിശ കൺവീനർ സി.പി രഘുനാഥ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ വാർഷിക പരിശോധന കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ഇക്കുറിയും പഞ്ചായത്ത് പരിധിയിലുള്ള ഏഴ് പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച കരിമുകൾ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ദിശയുമായി സഹകരിച്ച 17 കൺവീനർമാരെയും 50 റിസോഴ്സ് പേഴ്സൺമാരെയും ആദരിച്ചിരുന്നു. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡണ്ട് സോണിയ മുരുകേശനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

date