Skip to main content

പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണം - മന്ത്രി പി. രാജീവ്

 

 സഹകരണ പ്രസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളുടെ തെളിവാണ് ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതെന്നും പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും വ്യവസായ വകുപ്പുമന്ത്രി പി രാജീവ്.സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കാഞ്ഞൂർ സഹകരണ ബാങ്ക് ആരംഭിച്ച നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
വിധവകളുടെ പുരോഗതി ലക്ഷ്യമിട്ട് കാഞ്ഞൂർ സഹകരണ ബാങ്ക് രൂപം കൊടുത്ത നീതി സൂപ്പർമാർക്കറ്റ് മാതൃകാപരവും നവീനവുമായ ആശയമാണ്. പ്രതിസന്ധി അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത പുരോഗതി ഉയർത്തുവാൻ നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. വ്യവസായ മേഖലയിലേക്ക് കടന്നുവന്ന് കൂടുതൽ സംരംഭങ്ങൾ സൃഷ്ടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ ശ്രമിക്കണം. സർക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലഷ്യം യാഥാർഥ്യമാക്കുന്നതിൽ പങ്കുവഹിക്കാൻ സാധിക്കും. കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണം. കാർഷികമേഖലയിലെ മൂല്യ വർദ്ധനവിന് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

 ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ,അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ കെ. വി അഭിജിത്ത്,ആൻസി സിജോ,കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗ്രേസി ദയാന്ദൻ,ബാങ്ക് പ്രസിഡന്റ് എം. ബി ശശിധരൻ, വാർഡ് മെമ്പർ ചന്ദ്രമതി രാജൻ,പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ബോഡ്‌ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കാഞ്ഞൂർ സഹകരണ ബാങ്ക് നീതി സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. വിധവകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്.  13 നിർധനരായ വിധവകളാണ് ജോലി ചെയ്യുന്നത്. 6000 ചതുരശ്ര അടി  വിസ്തീർണ്ണത്തിൽ 60 ലക്ഷം രൂപ മുതൽ മുടക്കിയാണ് നിർമ്മാണം.

date