കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ പുനർനിർമാണോദ്ഘാടനം നടത്തി
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോലഞ്ചേരി ചൂണ്ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചൂണ്ടി രാമമംഗലം റോഡ്, പഴന്തോട്ടം - വടവുകോട് റോഡ് എന്നിവയാണ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഗുണമേന്മ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഇതിനായി പ്രൊജക്ട് മാനേജ്മെൻ്റ് സിസ്റ്റം എന്ന പേരിൽ പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്. 15,000 കിലോമീറ്റർ റോഡുകൾ കൂടി ബി.എം.ബി.സി തലത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്നും അദ്ദേഹം ആവർത്തിച്ചു.
കുന്നത്തുനാട് നിയോജക മണ്ഡലം പരിധിയിൽ ഒരു വർഷത്തിനുള്ളിൽ 48 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞെന്ന് പി.വി ശ്രീനിജൻ എം.എൽ.എ വ്യക്തമാക്കി. നഗരത്തെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും പഞ്ചായത്തുതലത്തിൽ പോലും ഉന്നത നിലവാരത്തിലുള്ള റോഡുകൾ കൊണ്ടുവരുന്നതിനുള്ള ഇച്ഛാശക്തിയാണ് സർക്കാരിനുള്ളതെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി വർഗീസ്, ജില്ലാ പഞ്ചായത്ത് കൗൺസിലർ ലിസി അലക്സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർമാരായ രാജൻ രാജൻ, ഷൈജ റെജി, പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് കൗൺസിലർമാരായ മാത്യൂസ് കുമ്മണ്ണൂർ, ബിജു കെ ജോർജ്ജ്, ടി.വി രാജൻ, എം.വി ജോണി, നിഷ സജീവൻ ശോഭന സലീപൻ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കേരള കോൺഗ്രസ് നേതാവ് വർഗീസ് പാങ്കോടൻ, എൻസിപി നേതാവ് റെജി ഇല്ലിക്കപ്പറമ്പിൽ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ ദേവകുമാർ, അസിസ്റ്റന്റ് എൻജിനീയർ എസ് അമൽരാജ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments