Skip to main content

കൊയിലാണ്ടി നഗരസഭ കുടിവെള്ള പദ്ധതി: 120 കോടിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു

നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തിക്ക് 120 കോടിയുടെ ഭരണാനുമതിയായി. കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി. ആദ്യ ഘട്ടമായി നഗരസഭയ്ക്ക് അനുവദിച്ചിരുന്നത് 85 കോടി രൂപയായിരുന്നു.  ഈ തുക വിനിയോഗിച്ച് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനിൽ നിന്നും കണക്ഷൻ ലൈൻ വലിക്കുകയും നഗരസഭയിലെ വലിയമല, കോട്ടക്കുന്ന്, സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ കൂറ്റൻ ജലസംഭരണികൾ നിർമിക്കുകയും ചെയ്തു. ഒന്നാം ഘട്ട പ്രവൃത്തി ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.

വിതരണ ശൃംഖല വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് രണ്ടാം ഘട്ടം.  വാട്ടർ അതോറിറ്റി വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 79 കോടിരൂപക്ക് കിഫ്ബി നേരത്തെ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പദ്ധതിക്ക്  മന്ത്രിസഭയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. ഇപ്പോൾ പുതുക്കിയ തുക അനുസരിച്ച് വാട്ടർ അതോറിറ്റി തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അനുസരിച്ചാണ് 120 കോടി രൂപയുടെ  ഭരണാനുമതി  ലഭിച്ചത്. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ എല്ലാ വാർഡുകളിലെയും കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് വേഗമേറുന്നത്. അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.

date