ഗുരുവായൂരിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും
ഗുരുവായൂർ മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണിയും മെയ് 15ന് മുമ്പായി പൂർത്തീകരിക്കാൻ തീരുമാനം. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് പ്രവർത്തികളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചാവക്കാട്-കുന്നംകുളം റോഡ്, മാവിൻ ചുവട് റോഡ്, ചാവക്കാട് ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻകടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാനും തീരുമാനമായി. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എൻജിനിയർ ഹരീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.എൻജിനീയർ ബിജി, കിഫ്ബി എക്സി. എൻജിനീയർ മനീഷ, പൊതുമരാമത്തിലെയും വാട്ടർ അതോറിറ്റിയിലെയും അസി.എക്സി എൻജിനിയർമാർ, അസി.എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ
പങ്കെടുത്തു.
- Log in to post comments