വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിന് എല്ലാവരും മണ്ണിലേക്കിറങ്ങണം : കൃഷി മന്ത്രി പി.പ്രസാദ്
ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന കാലത്ത് ഓരോ വീടുകളും 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ടുവരണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നത് ഗൗരവമുള്ള കാര്യമായി കണ്ട് കൈക്കുഞ്ഞുങ്ങളും കിടപ്പുരോഗികളും ഒഴികെയുള്ള ഓരോരുത്തരും മണ്ണിലേക്കിറങ്ങുകയും കൃഷിയിലേക്ക് മടങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാരിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വടവുകോട് ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കുന്നത്തുനാട് നിയോജക മണ്ഡലം എം.എൽ.എ പി.വി ശ്രീനിജിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട്ടിൽ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെ വിപണത്തിനായി ഇൻഫോപാർക്കിൽ കാർഷിക ചന്ത ആരംഭിക്കാനുള്ള നടപടികളായിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്ലോക്കിലെ മുതിർന്ന കർഷകരായ കൃഷ്ണൻ ചെട്ടിയാഞ്ചേരി, പി.ടി ചോതി പാളയത്തുമോളയിൽ എന്നിവർക്ക് മന്ത്രി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.
ചടങ്ങിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ അശോകൻ, വൈസ് പ്രസിഡൻറ് അനു അച്ചു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.പി വർഗീസ്, സി.ആർ പ്രകാശൻ, സോണിയ മുരുകേശൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ജൂബിൾ ജോർജ്, ബ്ലോക്ക് അംഗങ്ങളായ ഷൈജ റെജി, ബേബി വർഗീസ്, ഓമന നന്ദകുമാർ, പി.എ.ഒ ഷീലാ പോൾ, ഡി.ഡി.ഇ.ടി അനിത ജയിംസ്, തഹസിൽദാർ വിനോദ് രാജ്, എ.ഡി.എ മിനി എം.പിള്ള, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.പി ജോസഫ്, സി.കെ വർഗ്ഗീസ്, നിബു കുര്യാക്കോസ്, സി.പി ജോയ് തുടങ്ങിയവർ സംസാരിച്ചു
- Log in to post comments