Skip to main content

കൂനമ്മാവിൽ ഒ.പി കെട്ടിടവും പ്രളയ ഷെൽട്ടറും ഒരുങ്ങുന്നു

 

പ്രളയം തകർത്ത പ്രദേശത്തിന് ആശ്വാസമായി കൂനമ്മാവിൽ പ്രളയ ഷെൽട്ടറും ഒ.പി ബ്ലോക്കും ഒരുങ്ങുന്നു. കോട്ടുവള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് നിർമിക്കുന്ന ഈ കെട്ടിടം ഒ.പി ബ്ലോക്ക് ആയിട്ടായിരിക്കും പൊതുവേ ഉപയോഗിക്കുക. മുകളിലെ നില പ്രളയ സമയത്ത് പ്രദേശവാസികൾക്ക് അഭയകേന്ദ്രമായും പ്രവർത്തിക്കും.

ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൽ 40 ശതമാനം 2018ലെ പ്രളയ ഫണ്ടിൽ നിന്ന് ലഭിച്ച തുകയും ബാക്കി തുക പഞ്ചായത്തിൻ്റെ സ്വന്തം വിഹിതവും ആണ്. കെട്ടിടത്തിൽ ഹാളുകൾ, ഡോക്ടർ റൂം, ഒ.പി റൂം, നഴ്സിംഗ് റൂം, ലാബുകൾ, ഫാർമസി, സ്റ്റോർ റൂം, ശുചിമുറികൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്ന് കിടത്തി ചികിത്സയ്ക്കുള്ള അനുമതി തേടാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
 
ഈ സാമ്പത്തിക വർഷത്തിൽ തന്നെ കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് പഞ്ചായത്തിൻ്റെ തീരുമാനം. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കേരള സർക്കാരിൻ്റെ നിർമിതി കേന്ദ്രയാണ് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത്.

date