മോട്ടോർ വാഹന വകുപ്പിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു
എറണാകുളം : മോട്ടോർ വാഹന വകുപ്പിലെ എല്ലാ റീജിയണൽ / സബ് റീജിയണൽ ട്രാൻസ്പോർട് ഓഫീസുകളും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ഏപ്രിൽ 22 ന് എറണാകുളം ടൗൺ ഹാളിൽ നടത്തും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്. അദാലത്തിൽ മന്ത്രി പരാതികൾ നേരിട്ട് കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.
നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായ വിഷയങ്ങളും അദാലത്തിൽ പരിഹരിക്കും. ഉടമ കൈപ്പറ്റാത്ത ആർ. സി. ബുക്ക്, ലൈസൻസ് എന്നിവ ലഭിക്കുന്നതിനായി മേൽ വിലാസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകും.
പരാതികൾ 19 നകം
തൃപ്പൂണിത്തുറ ജോയിന്റ് ആർ. ടി. ഒ പരിധിയിൽ വരുന്ന പരാതികൾ നേരിട്ടോ തപാൽ മുഖേനയോ ഏപ്രിൽ 19 ന് മുൻപായി തൃപ്പൂണിത്തുറ റീജിയണൽ ട്രാൻസ്പോർട് ഓഫീസിൽ ലഭ്യമാവുന്ന തരത്തിൽ സമർപ്പിക്കണമെന്ന് തൃപ്പൂണിത്തുറ ജോയിന്റ്. ആർ. ടി. ഒ അറിയിച്ചു. ഫോൺ : 0484 2774166
- Log in to post comments