കാറ്റിലും മഴയിലും ജില്ലയിൽ 35.74 കോടി രൂപയുടെ കൃഷിനാശം
അപ്രതീക്ഷിതമായി എത്തിയ കാറ്റിലും മഴയിലും ജില്ലയിൽ 35.74 കോടി രൂപയുടെ നാശനഷ്ടം. കൃഷിവകുപ്പിന്റെ കണക്കുകൾ പ്രകാരം വാഴ കൃഷിയെയാണ് മഴ സാരമായി ബാധിച്ചത്.
ജില്ലയിൽ ആകെ 785.9 ഹെക്ടർ ഭൂമിയിലെ വിളകൾ മഴയിൽ നശിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിലും മഴ കർഷകരെ ദുരിതത്തിലാഴ്ത്തി. വാഴ കൃഷിക്ക് പുറമെ ജാതി, തെങ്ങ്, കമുക് എന്നീ കൃഷികൾക്കും വ്യാപക നഷ്ടമുണ്ടായിട്ടുണ്ട്. ഈ മേഖലയിൽ മാത്രം 165.65 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. 9,36,53,800 രൂപയുടെ നാശനഷ്ടമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ അഞ്ചിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് ജില്ലയിൽ ഏറ്റവുമധികം കൃഷിനാശം റിപ്പോർട്ട് ചെയ്തത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിന് നഷ്ടം സംഭവിച്ച് 10 ദിവസത്തിനുള്ളിലും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നഷ്ടം സംഭവിച്ച് 15 ദിവസത്തിനുള്ളിലും AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
2022-23 കരം തീർത്ത രസീത് കോപ്പി, സമ്മതപത്രം (പാട്ടത്തിന് ചെയ്തിരിക്കുന്നെങ്കിൽ മാത്രം), ബാങ്ക് അക്കൗണ്ട് കോപ്പി, വിള നശിച്ചതിന്റ അടുത്ത് കർഷകൻ നിന്ന് എടുത്ത ഫോട്ടോ,ആധാർ കാർഡ് കോപ്പി എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്ന് കൃഷിനാശം സംഭവിച്ചത് കൃഷി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടതാണ്.
- Log in to post comments