ലോക പരിസ്ഥിതി ദിനം: വാഴക്കുളത്ത് തയ്യാറാകുന്നത് മുപ്പതിനായിരം വൃക്ഷത്തൈകള്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്കില്‍ മുപ്പതിനായിരം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു. ബ്ലോക്ക് പരിധിയില്‍ വരുന്ന കീഴ്മാട്, ചൂര്‍ണ്ണിക്കര, വാഴക്കുളം, എടത്തല, വെങ്ങോല, കിഴക്കമ്പലം എന്നീ ആറ് പഞ്ചായത്തുകളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത്.
ഓരോ നഴ്‌സറികളിലും ചാമ്പ, സീതപ്പഴം, പേര, കുടംപുളി, പ്ലാവ്, മാതളം തുടങ്ങിയ വൃക്ഷത്തൈകളാണു പരിപാലിക്കുന്നത്. നടുന്നതിനുള്ള വിത്ത് സോഷ്യല്‍ ഫോറസ്ട്രിയാണു നല്‍കിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വിത്ത് പാകി മുളപ്പിച്ച് നടാന്‍ പാകത്തിനു തയ്യാറാക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ നടുന്ന തൈകള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ നട്ട് പരിപാലിക്കും. തൈകള്‍ മൂന്നു വര്‍ഷംവരെ പരിപാലിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തും. വൃക്ഷത്തൈകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു തൊഴിലാളികളെ പരിപാലനത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ നടുന്ന തൈകള്‍ സംരക്ഷിക്കുന്നതിനു സംരക്ഷണവേലിയും ഏര്‍പ്പെടുത്തും. ഓരോ പഞ്ചായത്തിലും നാലു ലക്ഷം രൂപ വീതം ബ്ലോക്കില്‍ ആകെ 25 ലക്ഷം രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ വിതരണം ചെയ്യും.
- Log in to post comments