ജില്ലാ റവന്യൂ കലോത്സവത്തിന് ആരംഭം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തിന് തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ കലാമത്സരങ്ങളോടൊപ്പം തന്നെ ജോലിയിലും തിളങ്ങണമെന്ന് കളക്ടർ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഫിലിപ്പ്, എൻ.ആർ വൃന്ദാ ദേവി, പി.ബി സുനിലാൽ, ഫിനാൻസ് ഓഫീസർ എം.ഗീത, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ വിവിധ കലാ, കായിക മത്സരങ്ങള്‍ അരങ്ങേറും. ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്ക് വേണ്ടിയാണ് മത്സരങ്ങള്‍ നടത്തുന്നത്.
ആദ്യ ദിനം കഥാ രചന, കവിതാ രചന, ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങൾ കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്നു. മറ്റ് 17 ഇന കലാമത്സരങ്ങള്‍ 26, 27 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ രണ്ടുവേദികളിലായി രാവിലെ 11 മുതല്‍ നടക്കും.
സ്‌പോര്‍ട്സ് മത്സരങ്ങളില്‍ ആദ്യത്തേത് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്സ് സെന്ററില്‍ നടന്നു. വ്യാഴാഴ്ച രാവിലെ 9 മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 100 മീറ്റര്‍ ഓട്ട മത്സരം, 400 മീറ്റര്‍ ഓട്ട മത്സരം, 400-100 റിലേ, ഷോട്ട്പുട്ട്, ലോംഗ് ജംപ് എന്നിവ നടക്കും. 22ന് രാവിലെ 8 മുതല്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്സ് സെന്ററില്‍ ബാഡ്മിന്റണ്‍, ആം റസലിംഗ് എന്നിവ നടക്കും. 23ന് അമ്പലമേട് ബിപിസിഎല്‍ ഗ്രൗണ്ടില്‍ രാവിലെ 7 മുതല്‍ ക്രിക്കറ്റ്, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് 1,500 മീറ്റര്‍ ഓട്ടം, 24ന് രാവിലെ 7.30ന് ഇടപ്പള്ളി കളിക്കളം ടര്‍ഫില്‍ ഫുട്‌ബോള്‍, 25ന് രാവിലെ 7 മുതല്‍ അമ്പലമേട് ബിപിസിഎല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍, ഉച്ചയ്ക്ക് 2 മുതല്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്സ് സെന്ററില്‍ ബാഡ്മിന്റണ്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എന്നിവയും നടക്കും.
- Log in to post comments