Skip to main content
എറണാകുളം ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിർധനരായ പെൺകുട്ടികൾക്കുള്ള സൈക്കിൾ വിതരണം ടി.ജെ വിനോദ് എം.എൽ.എയും ജില്ല കലക്ടർ ജാഫർ മാലിക്കും ചേർന്ന് നിർവഹിക്കുന്നു.

നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിളുമായി  ജില്ലാ ശിശു സംരക്ഷണ സമിതി

 

ആദ്യഘട്ട വിതരണം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു

    ബസിലെ തിരക്കില്‍ വലഞ്ഞ് യാത്ര ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൈത്താങ്ങായി ജില്ലാ ശിശു സംരക്ഷണ സമിതി. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കായുള്ള സൈക്കിളുകളുടെ ആദ്യഘട്ട വിതരണം എറണാകുളം ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു. 

    ശിശു സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ സാന്നിധ്യത്തില്‍ ടി.ജെ വിനോദ് എം.എല്‍.എ സൈക്കിളുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. സൈക്കിളില്‍ സ്‌കൂളിലേക്കുള്ള യാത്ര വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരേസമയം വ്യായാമവും ഉന്മേഷവും പകരുമെന്ന് ടി.ജെ വിനോദ് എം.എല്‍.എ  പറഞ്ഞു. ശിശു സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് മേരിക്കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി കെ.ജി ബാബു, ട്രഷറര്‍ എം.എം സലീം തുടങ്ങിയവര്‍ സന്നിഹിതരായി.

    സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുക എന്നതിനൊപ്പം ആരോഗ്യസംരക്ഷണംകൂടി മുന്നില്‍കണ്ടാണ് സൈക്കിള്‍ വിതരണം എന്ന ആശയത്തിലേക്ക് ശിശു സംരക്ഷണ സമിതി എത്തിയത്. അര്‍ഹരായ കുട്ടികളെ വിദ്യാഭ്യാസവകുപ്പ് മുഖേനയാണു കണ്ടെത്തിയത്. ഗതാഗത സൗകര്യം കുറവായ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണു മുന്‍ഗണന. ഇതോടൊപ്പം സ്‌കൂളിലേക്കുള്ള ദൂരവും പരിഗണിച്ചാണു ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വരും നാളുകളില്‍ കൂടുതല്‍ കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കാനാണു സമിതിയുടെ തീരുമാനം.

date