Skip to main content

മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്   'വാഹനീയം 2022' വെള്ളിയാഴ്ച ടൗണ്‍ഹാളില്‍

 

മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും

    

മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022'  വെള്ളിയാഴ്ച (ഏപ്രില്‍ 22) എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. 

    അദാലത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അപേക്ഷകരുമായി ഗതാഗത മന്ത്രി നേരിട്ട് സംവദിക്കും. അദാലത്തില്‍ ഉന്നയിക്കപ്പെടുന്ന പരാതികളില്‍ തല്‍ക്ഷണം നടപടിയുണ്ടാകും. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

    ജില്ലയിലെ എറണാകുളം, മൂവാറ്റുപുഴ ആര്‍.ടി ഓഫീസുകള്‍,  ഇവയുടെ കീഴിലെ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, ആലുവ, നോര്‍ത്ത് പറവൂര്‍, മട്ടാഞ്ചേരി, കോതമംഗലം, അങ്കമാലി എന്നീ സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിവിധ ഇനങ്ങളില്‍ ഇതിനോടകം 941 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ തീരുമാനം എടുക്കുന്നതിനായി വിദഗ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ സാധ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ച് തീര്‍പ്പാക്കും.  

    ഇതിനൊപ്പം നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാകാത്ത ഫയലുകള്‍, ഹൈപ്പോത്തിക്കേഷന്‍ ഇല്ലാത്ത ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആര്‍.സി കാന്‍സലേഷന്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങി വന്നിട്ടുള്ള ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവ വിലാസം തെളിയിക്കുന്ന രേഖകളുമായി ഉടമയോ, ഉടമ ചുമതലപ്പെടുത്തിയ ആളോ വന്നാല്‍ കൈപ്പറ്റാം.  അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അക്ഷയ സെന്ററുകളുടെ രണ്ട് യൂണിറ്റുകള്‍ അദാലത്ത് വേദിയില്‍ സജ്ജമായിരിക്കും. 

    ടി.ജെ വിനോദ് എം.എല്‍.എ ആമുഖപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍, എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.എല്‍.എമാരായ കെ.ബാബു, അനൂപ് ജേക്കബ്, കെ.ജെ മാക്‌സി, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, എല്‍ദോസ് പി.കുന്നപ്പള്ളി, കെ.എന്‍ ഉണ്ണികൃഷ്ണന്‍, പി.വി ശ്രീനിജിന്‍, മാത്യു കുഴല്‍നാടന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, എറണാകുളം സെന്‍ട്രല്‍ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ജോയിന്റ് ആര്‍.ടി.ഒ കെ.കെ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date