ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് വിവിധ പദ്ധതികളിലായി ചെലവഴിച്ചത് 4.21 കോടി രൂപ
വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കു സഹായം ഉറപ്പുവരുത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസ്. 2021-22 സാമ്പത്തിക വര്‍ഷം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 4.21 കോടി രൂപയാണ് വകുപ്പ് ചെലവഴിച്ചത്.
സമൂഹത്തില്‍ പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും സഹായത്തിനുമായി നിരവധി പദ്ധതികളാണു വകുപ്പ് നടപ്പിലാക്കി വരുന്നത്.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുള്ള വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്നതിനു 'വിദ്യാകിരണം പദ്ധതി വഴി' സ്‌കോളര്‍ഷിപ്പ് വകുപ്പിലൂടെ നല്‍കി വരുന്നു. പദ്ധതിക്കായി സാമ്പത്തിക വര്‍ഷം 10,74,000 രൂപ ചെലവഴിച്ചു. 96 ഗുണഭോക്താക്കള്‍ക്കാണു ധനസഹായം നല്‍കിയത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം അടക്കമുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നതിനു ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതി വഴി 7000 രൂപയും സഹായം നല്‍കി. വിജയാമൃതം പദ്ധതി വഴി വൈകല്യത്തെ പടപൊരുതി ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാര്‍ക്ക് അവാര്‍ഡ് ഇനത്തില്‍ 40,142 രൂപയും കൈമാറി.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമത്തിനായി 'ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി' യിലൂടെ 219 ഗുണഭോക്താക്കള്‍ക്കായി 2 ലക്ഷം രൂപ നല്‍കി. 'സ്വാശ്രയ പദ്ധതി' വഴി ഭിന്നശേഷിക്കാരായ കുട്ടികളെ ഒറ്റയ്ക്കു സംരക്ഷിക്കുന്ന സ്ത്രീകള്‍ക്കു സ്വയംതൊഴില്‍ ധനസഹായത്തിനായി 2,80,000 രൂപയും ചെലവഴിച്ചു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വയോജനങ്ങളെ സഹായിക്കുന്നതിന് ആരംഭിച്ച 'വയോജന കോള്‍ സെന്ററിന്റെ' പ്രവര്‍ത്തനവും വകുപ്പിന്റെ നേതൃത്വത്തില്‍ ചെയ്തു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കു ധനസഹായമായി 19,47,080 രൂപയും കൈമാറി.
തെരുവില്‍ അലഞ്ഞു നടക്കുന്ന മാനസികരോഗികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'തെരുവോരം ' എന്ന സ്ഥാപനം വഴി 'തെരുവുവെളിച്ചം' എന്ന പദ്ധതിക്കായി 72,400 രൂപയാണ് ചെലവഴിച്ചത്. പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന അശരണര്‍ക്കും, അനാഥര്‍ക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം എന്നിവയ്ക്കായി അടിയന്തര സാഹചര്യത്തില്‍ 'ഇംപ്രസ്റ്റ്‌മെന്റ് മണി' പദ്ധതി വഴി തുകയും അനുവദിക്കുന്നു. ഈ ഇനത്തില്‍ 6200 രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ അല്ലെങ്കില്‍ വനിതകളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം പദ്ധതിയായ പരിണയത്തിലൂടെ ഒരു ഗുണഭോക്താവിന് 30,000 രൂപയാണു നല്‍കുന്നത്. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 10,20,000 രൂപ 34 ഗുണഭോക്താക്കള്‍ക്കായി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മിശ്രവിവാഹിതര്‍ക്കു ധനസഹായം നല്‍കിവരുന്ന പദ്ധതിക്കായി 18,00,000 രൂപയാണ് ഈ വര്‍ഷം ചിലവഴിച്ചത്.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും സര്‍ക്കാര്‍ അംഗീകാരവും ലഭിച്ച ഓര്‍ഫനേജുകള്‍ക്ക് അനുവദിച്ച താമസക്കാരുടെ എണ്ണത്തിനനുസരിച്ച് ഗ്രാന്റ് ഇനത്തില്‍ 1,40,00,000 രൂപയാണ് പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം ചിലവഴിച്ചത്. സൈക്കോസോഷ്യല്‍ ഗ്രാന്റ് വഴി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും സര്‍ക്കാര്‍ അംഗീകാരവും ലഭിച്ച മാനസിക വെല്ലുവിളി നേരിടുന്നവരെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായി പദ്ധതിപ്രകാരം ജില്ലയിലെ 5 സ്ഥാപനങ്ങള്‍ക്കായി 1,12,91,100 രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്.
- Log in to post comments