Skip to main content

സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നതാണ് സർക്കാർ നയം -മന്ത്രി വി. ശിവൻകുട്ടി

 

 

 

കായണ്ണ ജി.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നതാണ് സർക്കാർ നയമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ തന്നെ മാറിയെന്നും ഇതെല്ലാം  സർക്കാരിന്റെ പ്രവർത്തന ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മാറിയ കാലത്തിനനുസരിച്ച് അധ്യാപകരും നവീകരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള കൃത്യമായ പരിശീലനം അധ്യാപകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. കായണ്ണ ജി.യു. പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ്  പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ആറ് ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. 

പരിപാടിയോടനുബന്ധിച്ച് നടന്ന സ്കൂളിന്റെ നൂറ്റിപ്പത്താം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ വാർഷിക സപ്ലിമെന്റ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. 
കായണ്ണ ബസാറിലെ സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ കെ.എം. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്- യു.എസ്.എസ് വിജയികൾക്കുള്ള മൊമന്റോ വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. നാരായണൻ, എ.സി. ശരൺ, കെ.വി. ബിൻഷ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. രജിത, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ടി.സി. ജിപിൻ സ്വാഗതവും ഹെഡ്മാസ്റ്റർ പി.പി. ആനന്ദൻ നന്ദിയും പറഞ്ഞു.

date