Skip to main content

തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ ആധുനികവൽക്കരണ പദ്ധതി പുരോഗമിക്കുന്നു

 

തൃശൂർ കോപ്പറേറ്റീവ് സ്പിന്നിങ് മിൽ ലിമിറ്റഡ് ആധുനികവൽക്കരണ പാതയിൽ. പദ്ധതി പ്രകാരം 2016 മുതൽ 2021 വരെ 30 കോടിയോളം രൂപയാണ് അനുവദിച്ചത്. 35 വർഷം പഴക്കമുള്ള യന്ത്രങ്ങൾക്ക് പകരം ആധുനിക സാങ്കേതിക വിദ്യയോട് കൂടിയുള്ള ബ്ലോറൂം, കാർഡിംഗ്, ഡ്രോയിംഗ് മെഷീനുകൾ എന്നിവ മില്ലിൽ സ്ഥാപിച്ച് വരികയാണ്.  ഉൽപ്പാദന ക്ഷമതയും ഗുണമേന്മയും കൂടിയ നൂൽ ഉൽപ്പാദിപ്പിക്കാൻ ഇതോടെ സാധ്യമാകും. സേവ്യർ ചിറ്റിലപ്പിളളി എം എൽ എ മില്ല് സന്ദർശിച്ച് പ്രവർത്തനങ്ങളുടെ പുരോഗതി  വിലയിരുത്തി. 

ഇതുവരെ ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള 9216 സ്പിൻ്റിലുകൾ സ്ഥാപിച്ച് കഴിഞ്ഞു. ബാക്കിയുള്ള പഴയ സ്പിൻ്റിലുകൾ  മാറ്റി സ്ഥാപിച്ച് 25000 സ്പിൻ്റിലുകൾ പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദേശ നിർമ്മിതമായ ഓട്ടോകോണർ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനായി ഓർഡർ ചെയ്തിട്ടുള്ള യന്ത്രങ്ങൾ വരുന്ന ജൂലായ് മാസത്തോടെ പ്രവർത്തനമാരംഭിക്കും.  

ആധുനികവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എത്രയും പെട്ടെന്ന് നിർവ്വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി വ്യവസായ മന്ത്രി പി രാജീവിനെ മിൽ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു. 

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നവീകരിച്ച് സ്വയംപര്യാപ്തമാക്കാനും 2032 ഓടുകൂടി അവയെ ലാഭത്തിലാക്കാനുമുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതിൻ്റെ ഭാഗമായാണ് തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ 2021 ഡിസംബർ മാസത്തിൽ 27.35 കോടി രൂപ അടങ്കൽ തുകയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, നിലവിലുള്ള പഴക്കം ചെന്ന ഏഴ് സ്പിന്നിംഗ് യന്ത്രങ്ങൾ മാറ്റി 8064 ആധുനിക സ്പിൻ്റിലുകൾ സ്ഥാപിക്കൽ, സോളാർ എനർജി പ്ലാൻ്റ് സ്ഥാപിക്കൽ, ഓട്ടോകോണർ യന്ത്രങ്ങൾ സ്ഥാപിക്കൽ, ലാപ്ഫോർമറും കോമ്പർ യന്ത്രങ്ങളും സ്ഥാപിക്കൽ, തൊഴിലാളികൾക്കും ജീവനക്കാർക്കുമായി പുതിയ റെസ്റ്റ് റൂമുകൾ, ടോയ്ലറ്റുകൾ, ക്വാർട്ടേഴ്സ് നിർമ്മാണം എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാസ്റ്റർ പ്ലാൻ നടത്തിപ്പുമായി ബന്ധപ്പെട്ട് 2022-23 സാമ്പത്തിക വർഷത്തേക്ക് 1.6 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

 സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ കെ വി സദാനന്ദൻ, മാനേജിങ് ഡയറക്ടർ പി എസ് ശ്രീകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി സി സജീന്ദ്രൻ, എ കെ സുരേന്ദ്രൻ, എം എസ് പ്രദീപ് എന്നിവരും എം എൽ എയ്ക്കൊപ്പം സന്നിഹിതരായിരുന്നു.

date