Skip to main content

മലബാറിലെ ടൂറിസത്തിന്റെ വികാസം കേരളത്തിന് പുത്തനുണർവേകും : മന്ത്രി പി എ മുഹമ്മദ് റിയാസ്

 

മലബാറിലെ ടൂറിസത്തിന്റെ വികാസം കേരളത്തിന്റെ പുത്തൻ ഉണർവിന് കാരണമാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തലശ്ശേരിയിൽ നവീകരിച്ച സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ചിന്റെയും താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേരള ടൂറിസത്തിന് ഇനി വളരാനുള്ള മേഖല മലബാറാണ്. മലബാറിലെ ടൂറിസം കേന്ദ്രങ്ങളെ ഉയർത്തി കൊണ്ടുവരിക എന്നത് ടൂറിസം വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തമാണ്. തലശ്ശേരിയിലെ ടൂറിസം സാധ്യത അനന്തമാണ്. തലശ്ശേരി മണ്ഡലമാകെ ഒരു ടൂറിസ്റ്റ് ഹബായി മാറ്റി തീർക്കാവുന്നതാണ്. ഇതിലൂടെ തലശ്ശേരിയുടെ പൈതൃകം  സഞ്ചാരികൾക്ക് സഞ്ചാരികളിൽ സഞ്ചാരികളിലേക്ക് കൂടി എത്തിക്കുക എന്നതാണ് ടൂറിസം വകുപ്പ്  ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വടക്കേ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുവഴി തുറന്ന എഡ്വേർഡ് ബ്രണ്ണനാണ് തലശ്ശേരി കോട്ടക്ക് സമീപം 1869 ൽ ആംഗ്ലിക്കൻ ചർച്ച് നിർമാണത്തിന് തുടക്കമിട്ടത്. ആംഗ്ലിക്കൻ-ഗോഥിക് വാസ്തുവിദ്യ ശൈലിയുടെ മികച്ച ഉദാഹരണമായ തലശ്ശേരി സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവഴിച്ചാണ്  നവീകരിച്ചത്. പള്ളിയുടെ നവീകരണം, ഡ്രൈനേജ്, നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

സുഗന്ധവ്യഞ്ജനങ്ങളുടെ ലോക പ്രശസ്ത കച്ചവട കേന്ദ്രമായിരുന്ന താഴെയങ്ങാടിക്ക് തലശ്ശേരിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 4.84 കോടി രൂപ ചെലവിലാണ് താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പൂർത്തീകരിച്ചത്. റോഡ് പേവ്മെന്റ്, ഡ്രെയിനേജ്, നടപ്പാത, വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി എന്നിവയാണ് പൂർത്തിയാക്കിയത്. തലശ്ശേരിയുടെ വിനോദസഞ്ചാര സാധ്യതകൾ പരിചയപ്പെടുത്താനും പൈതൃക സമ്പത്തുകൾ സംരക്ഷിക്കാനുമായി വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്.

അഡ്വ. എൻ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചർ, കൗൺസിലർമാരായ  ഫൈസൽ പുനത്തിൽ, ടി കെ സാഹിറ,  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സി പി ജയരാജ്,  എന്നിവർ പങ്കെടുത്തു.

date