Skip to main content

ഗുണ്ടർട്ട് മ്യൂസിയം മിഴിതുറന്നു പൈതൃകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

 

വർത്തമാനകാലത്ത് പൈതൃകങ്ങൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹെർമൻ ഗുണ്ടർട്ടിൻറെ ജീവിതചരിത്രം മറച്ചുവെക്കാൻ കഴിയില്ല. സാമൂഹിക വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ അദ്ദേഹം നൽകി. നിലവിൽ ചരിത്രങ്ങളെ പലരും തമസ്കരിക്കുകയാണെന്നും ഇതിനെതിരെ ഇത്തരം മ്യൂസിയങ്ങൾ കരുത്തായി മാറണമെന്നും മന്ത്രി പറഞ്ഞു. ആധുനീക രീതിയിൽ സജീകരിച്ച ഗുണ്ടർട്ട് മ്യൂസിയം കേരളത്തിലെ ടൂറിസം സാധ്യത വർധിപ്പിക്കുന്നതാണ്. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കാൻ ഗുണ്ടർട്ട് മ്യൂസിയത്തിന് സാധിക്കും. വിനോദ സഞ്ചാരത്തിൻറെ പ്രചരണത്തിന് ഗുണ്ടർട്ട് മ്യൂസിയത്തെയും ഉപയോഗിക്കും. തലശ്ശേരിയെ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനൽകി.
എ എൻ ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി എസ് ഐ മലബാർ രൂപത ബിഷപ് റൈറ്റ് റവറൻറ് ഡോ. റോയ്സ് മനോജ് വിക്ടർ വിശിഷ്ടാതിഥിയായി. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, കൗൺസിലർ മജ്മ പ്രഷിത്ത്, തലശ്ശേരി സബ് കലക്ടർ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ ഇൻചാർജ് സി പി ജയരാജ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ
വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു.

date