Skip to main content

സൈബർ സുരക്ഷയും സൈബർ ഉപയോഗവും പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി വി ശിവൻ കുട്ടി 

അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം

 

 

 

സൈബർ സുരക്ഷയും സൈബർ ഉപയോഗവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 'അമ്മ അറിയാൻ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ആദ്യ ക്ലാസ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു.

അര മണിക്കൂറുള്ള അഞ്ചു സെഷനായാണ് പരിശീലനം നടന്നത്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നതായിരുന്നു ഒന്നാമത്തെ സെഷൻ. ഒറ്റത്തവണ പാസ്‌വേഡ്, പിൻ തുടങ്ങിയ പാസ്വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ 'രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും' എന്ന ഭാഗവും ചർച്ച ചെയ്തു. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന 'വാർത്തകളുടെ കാണാലോകം' ആയിരുന്നു മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിച്ചു. 'ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം' എന്നതായിരുന്നു അഞ്ചാം സെഷൻ. 

ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 140 ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റുകളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷത്തിൽ 25000 അമ്മമാർക്കാണ് പരിശീലനം നൽകുക. മെയ് 7 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 30 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളും കൈറ്റ് മാസ്റ്റർ/മിസ്ട്രസ്മാരും ചേർന്നാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ പ്രദേശത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. 

 

ജില്ലാ തല പരിപാടിയിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂൾ ഹെഡ് മാസ്റ്റർ പി മഹേഷ് മാസ്റ്റർ അധ്യക്ഷനായി. ലിറ്റിൽ കൈറ്റ് യൂനിറ്റ് ചുമതലയുള്ള പി ബിനോജ് ജെയിംസ്, അനീഷ് ടി പി, കൈറ്റ് കേരളയുടെ കണ്ണൂർ ജില്ലയിലെ മാസ്റ്റേർസ് ട്രെയിനർമാരായ പി പി നളിനാക്ഷൻ, കെ എം മക്ബൂൽ, ഒമ്പതാം ക്ലാസ് വിദ്യാർഥികളായ എം ശ്രീപാൽ സ്വാമിനാഥ്, ആബേൽ മനോജ്, ഒ അഭിനന്ദ് എന്നിവർ ക്ലാസെടുത്തു

date