Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 07-05-2022

പരിയാരത്ത് 110 കെ വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം തിങ്കളാഴ്ച

 

പരിയാരം 33 കെ വി സബ്‌സ്റ്റേഷൻ 110 കെ വി ആയി ഉയർത്തുന്നു. 110 കെ വി സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം മെയ് ഒമ്പത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും. പരിയാരം ഉർസുലിൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഡോ.വി ശിവദാസൻ, അഡ്വ.പി സന്തോഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.

 

ലേലം

തലശ്ശേരി മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രിബ്യൂണലിന്റെ കുടിശ്ശിക ഈടാക്കാനായി നാറാത്ത് വില്ലേജിലെ 0.1983 ഹെക്ടർ ഭൂമിയും വീടും ജൂൺ ആറിന് നാറാത്ത് വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽപന നടത്തുമെന്ന് കണ്ണൂർ സ്‌പെഷൽ ഡെപ്യൂട്ടി തഹസിൽദാർ (റവന്യു റിക്കവറി) അറിയിച്ചു.

 

ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം 9ന്

 

വ്യവസായ വകുപ്പിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായുള്ള പൊതുബോധവത്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മെയ് ഒമ്പത് തിങ്കളാഴ്ച നടക്കും. വൈകിട്ട് 3.30ന് മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.

സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെ ബോധവൽക്കരിക്കുകയും തുടർന്ന് സംരംഭങ്ങൾക്ക് ആവശ്യമുള്ള ലൈസൻസും വായ്പയും സബ്‌സിഡിയും ലഭ്യമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

 

ടീം കേരള ക്യാപ്റ്റൻമാർക്കുളള യൂണിഫോം വിതരണം ചെയ്തു

 

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 'ടീം കേരള' സന്നദ്ധസേന ക്യാപ്റ്റൻമാർക്കുളള യൂനിഫോം വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ യുവജനക്ഷേമ ബോർഡ് മെമ്പർ വി കെ സനോജ് നിർവ്വഹിച്ചു. പരിശീലനം ലഭിച്ച പഞ്ചായത്ത്/മുനി.കോർപ്പറേഷൻ തല ക്യാപ്റ്റൻമാർക്കുളള യൂണിഫോമാണ് വിതരണം ചെയ്തത്. പ്രകൃതി ദുരന്തങ്ങൾ, സാംക്രമിക രോഗങ്ങൾ, പാലിയേറ്റീവ് തുടങ്ങിയ വിവിധ മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കാൻ പ്രാപ്തരായ യുവതീ യുവാക്കളുടെ പരിശീലനം ലഭ്യമായ സേനയാണ് ടീം കേരള. ടീം കേരള ക്യാപ്റ്റൻമാർക്ക് കീഴിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും വാർഡ് അടിസ്ഥാനത്തിൽ 18നും 30നും ഇടയിൽ പ്രായമുളള സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇവർക്കുളള പരിശീലനം ഘട്ടംഘട്ടമായി നൽകും. ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത അധ്യക്ഷത  വഹിച്ചു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ സരിൻ ശശി, ടീം കേരള ജില്ലാ ക്യാപ്റ്റൻ അനുരാഗ് എന്നിവർ പങ്കെടുത്തു.

 

വാക്ക് ഇൻ ഇന്റർവ്യൂ

 

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന്  താൽപര്യമുള്ള ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മെയ് 12ന് ഉച്ചക്ക് രണ്ട് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  ഫോൺ: 0490 2491240.

 

ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ

 

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ തളിപ്പറമ്പ്്് നാടുകാണിയിലുള്ള അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ ഫാഷൻ ഡിസൈനിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. താൽപര്യമുള്ളവർ www.atdcindia.co.in ൽ  രജിസ്റ്റർ ചെയ്യുകയോ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 9961803757, 9744917200.

 

ക്യാമ്പ് ഫോളോവർ നിയമനം

 

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പുരുഷൻമാർ മാത്രം. ബാർബർ-ഒന്ന്, സ്വീപ്പർ-ഒന്ന്, ധോബി-ഒന്ന്, കുക്ക്-രണ്ട് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള മേൽപറഞ്ഞവയിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മെയ് 17 ന്  രാവിലെ  10.30 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത്് കൂടിക്കാഴ്ചക്ക് ഹാജരാകണം.

 

മെഡിസെപ്: അപേക്ഷ സമർപ്പിക്കണം

 

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ ഇതുവരെയും സമർപ്പക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കെപ്പറ്റുന്ന ട്രഷറിയിൽ എത്രയുംപെട്ടെന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.  ട്രഷറിയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും അനുബന്ധ രേഖകളും രേഖപ്പെടുത്തി  dtokannur@gmail.com ലേക്ക് അയക്കണം.

 

ഭരണാനുമതി ലഭിച്ചു

 

കെ മുരളീധരൻ എം പിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വിനിയോഗിച്ച് എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലാബിലേക്ക് ആവശ്യമായ ഫർണിച്ചറും ലാബ് ഉപകരണങ്ങളും വാങ്ങിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

220 കെവി ടവർ പ്രവൃത്തി: വൈദ്യുതി മുടങ്ങും

 

220 കെവി ടവർ ലൈൻ കടന്നുപോവുന്ന കാഞ്ഞിരോട് വയലിൽ പുതിയ ടവർ സ്ഥാപിക്കുന്ന പ്രവൃത്തിയും ടവർ ലൈനിലൂടെ കെ ഫോൺ കേബിൾ വലിക്കുന്ന പ്രവൃത്തിയും മൂലം മുണ്ടയാട്, ചൊവ്വ സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുന്നതിനാൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ ചൊവ്വ, മുണ്ടയാട് സബ്‌സ്‌റ്റേഷനിൽനിന്നും ലഭിക്കുന്ന ഫീഡറുകളിൽ പൂർണമായി വൈദ്യുതി മുടങ്ങും. 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാരം ടാക്കീസ് മുതൽ അതിരകം, എടചൊവ്വ, വാണിവിലാസം, പാതിരിപറമ്പ് ഉൾപ്പെടെ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങൾ, മുണ്ടയാട് സ്റ്റേഡിയം മുതൽ എളയാവൂർ റോഡ് വഴി ജ്യോതിപീടിക, പുളുക്കോപ്പാലം ഉൾപ്പെടെ താഴെ ചൊവ്വ വരെ, താഴെ ചൊവ്വ മുതൽ തിലാന്നൂർ സത്രം, മുണ്ടേരി പീടിക, പെരിക്കാട് ഉൾപ്പെടെ കാപ്പാട് അരക്കിണർ വരെ, കെ എസ് ഇ ബി ഓഫീസ് മുതൽ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളിൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജനശക്തി ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

പുനർലേലം/ക്വട്ടേഷൻ

 

മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ കോളേജ് കെട്ടിടത്തിനും സമീപത്തെ വീടിനും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 20ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2471530.

date