Skip to main content
സുഭിക്ഷാ ഹോട്ടല്‍ ആരോഗ്യ കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

ആറന്‍മുളയിലും സുഭിക്ഷാ ഹോട്ടല്‍ ആരംഭിച്ചു; എല്ലാ നിയോജകമണ്ഡലത്തിലും സുഭിക്ഷാ ഹോട്ടല്‍

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സുഭിക്ഷാ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള നിയോജകമണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ കളക്ടറേറ്റ് കാന്റീന്‍ കെട്ടിടത്തില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചതോടയാണ് അഞ്ച് മണ്ഡലത്തിലും സുഭിഷ ഹോട്ടല്‍ യാഥാര്‍ത്ഥ്യമായത്.ഇന്നലെ വൈകിട്ട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ടാണ് പൊതുവിതരണ ഉപഭോക്ത്യ കാര്യവകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷാ ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നത്.പണമില്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുഭിക്ഷാ ഹോട്ടലിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആവശ്യമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടുകളിലേക്ക് ആവശ്യക്കാര്‍ക്ക് പൊതിച്ചോറുകള്‍ ലഭ്യമാകത്തക്ക ക്രമീകരണം കുടുംബശ്രീ വഴി ഒരുക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റില്‍ സുഭിക്ഷാ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

 

വിശപ്പ് രഹിത കേരളം എന്നത് സര്‍ക്കാരിന്റെ നയപരമായ കാഴ്ചപ്പാടാണ് സംസ്ഥാനത്തൊട്ടാകെ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധ്യക്ഷത വഹിച്ച നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സുഭിക്ഷാ ഹോട്ടലിനു എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കും. 2000 സ്വ്കയര്‍ ഫീറ്റ് സ്ഥലംകൂടി നഗരസഭ അനുവദിക്കും. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായും സ്ഥലം നല്കുമെന്നും നഗരസഭാധ്യക്ഷന്‍ അറിയിച്ചു.

 

ആറന്മുള മണ്ഡലത്തിലെ സുഭിക്ഷാ ഹോട്ടല്‍ കളക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മാതൃകാപരമായ ഭക്ഷണശാലയായി ഇത് പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ശുചിത്വവും മികവും ആഹാരകാര്യത്തില്‍ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.

 

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. അയൂബ് ഖാന്‍, കേരള കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് മുളക്കല്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു മുസ്തഫ, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date