Skip to main content

സമ്പൂര്‍ണ ഇ-ഓഫീസ് ജില്ലയായി മലപ്പുറം പ്രഖ്യാപനം മന്ത്രി കെ.രാജന്‍ ഇന്ന് നിര്‍വഹിക്കും

ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും സമ്പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രഖ്യാപനം ഇന്ന് (മെയ് 12) ഉച്ചക്ക് രണ്ടിന് മഞ്ചേരി വായ്പ്പാറപ്പടി ഹില്‍ട്ടണ്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.  ജില്ലയില്‍ രണ്ട് ആര്‍.ഡി.ഒ, ഏഴ് താലൂക്കുകള്‍, 138 വില്ലേജ് ഓഫീസുകള്‍, എട്ട് സ്പെഷ്യല്‍ റവന്യൂ ഓഫീസുകള്‍  എന്നിവ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷന്റേയും എന്‍.ഐ.സിയുടേയും ജില്ലാ റവന്യൂ ഐടി സെല്ലിന്റേയും സഹകരണത്തോടെയാണ് ഇ-ഓഫീസ് ജില്ലയില്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി  ഇ-ഓഫീസിലേക്ക് മാറിയ താലൂക്ക് ഏറനാട് ആയിരുന്നു. ഇതോടെ ഓഫീസ് കടലാസ് രഹിതമാക്കാനും ഉദ്യോഗസ്ഥരുടെ  മേശയ്ക്ക് മുമ്പിലെ ഫയല്‍ കൂമ്പാരങ്ങള്‍  ഒഴിവാക്കാനും കഴിഞ്ഞു. തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രൊസസിങ്, ഫയലില്‍ നിന്ന്  ഓര്‍ഡറുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫീസിന്റെ  ഭാഗമാകും. പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അനായാസം ഇ-ഓഫീസിന്റെ  വെബ് പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

പരിപാടിയില്‍ അഡ്വ. യു.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും.    എം.പിമാരായ രാഹുല്‍ ഗാന്ധി, അബ്ദുസമദ് സമദാനി,  ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, ഐ.ടി മിഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
 

date