Skip to main content

ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്തെ നാള്‍വഴികളിലേക്ക് വെളിച്ചം വീശീ ഐ.എസ്.ആര്‍.ഒ

ഒരുക്കിയത് കൃത്രിമ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകള്‍

ബഹിരാകാശ പര്യവേഷണ മേഖലയില്‍ രാജ്യം പിന്നിട്ട നാള്‍വഴികളിലേക്ക് വെളിച്ചം വീശി ഐ.എസ്.ആര്‍.ഒയുടെ വിസ്മയ പ്രദര്‍ശനം. കൃത്രിമ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും ചെറുമാതൃകളിലൂടെ കാണികളില്‍ വിസ്മയവും ആകാംക്ഷയും ജനിപ്പിക്കുകയാണ് ഐ.എസ്.ആര്‍.ഒ. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി തിരൂര്‍ ബോയ്‌സ് സ്‌കൂളിലും എസ്.എസ്.എം പോളിടെക്‌നിക്ക് ഗ്രൗണ്ടിലുമായി നടന്നുവരുന്ന പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ചാണ് ഐ.എസ്.ആര്‍.ഒ ബൃഹത്തായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര കുതുകികള്‍ക്കും വിജ്ഞാനദാഹികള്‍ക്കും ശാസ്ത്ര സാങ്കേതിക വിദ്യ വിരല്‍ ലഭ്യമാക്കുകയാണിവിടെ. സൗണ്ടിങ് റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍സ്, ഉപഗ്രഹമാതൃകകള്‍, കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ വിദൂര സംവേദന ഉപഗ്രഹങ്ങള്‍, എര്‍ത്ത് ഒബ്‌സര്‍വേഷന്‍ മാതൃക, ചൊവ്വയിലേക്ക് പോയ മോം മാതൃക, ചന്ദ്രനിലേക്ക് പോയ പേടകത്തിന്റെ മാതൃക തുടങ്ങി 25 ഓളം ഉപഗ്രഹങ്ങളുടെയും വിക്ഷേപണികളുടെയും മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എസ്.എല്‍.വി മൂന്നിന്റെ പ്രൊജക്ട് ഡയരക്ടരായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെക്കുറിച്ചുള്ള വിവരണവും പ്രദര്‍ശന നഗരിയിലുണ്ട്. 'പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റിന്റെയും ലോഞ്ച് വെഹിക്കിളി ന്റെയും മാതൃകയും ഇവിടെയുണ്ട്.

ഐ.എസ്.ആര്‍.ഒ.സ്റ്റാളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഗ്രഹങ്ങളെക്കുറിച്ചും റോക്കറ്റുകളെക്കുറിച്ചും വി.എസ്.എസ്.സി.അസി. എന്‍ജിനിയര്‍ സുരേഷാണ് വിശദീകരണം നല്‍കുന്നത്. ഐ.എസ്.ആര്‍.ഒ പ്രദര്‍ശനം ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരകണക്കിനാളുകളാണ് പ്രദര്‍ശന നഗരിയിലെത്തിയത്.  ഇന്ത്യന്‍ ബഹിരാകാശ മേഖല പിന്നിട്ട വഴികള്‍ വിവരിക്കുന്ന ലഘുവീഡിയോ പ്രദര്‍ശനമാണ് പ്രദര്‍ശനത്തിലെ ഹൈലെറ്റ്.
ഐ.എസ്.ആര്‍.ഒയുടെ വളര്‍ച്ച ഘട്ടങ്ങള്‍ വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം.  മുപ്പത്തിനാല് ലഘു വിവരണങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുന്ന വിധത്തിലാണ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ആദ്യമായി നിര്‍മിച്ച കൃത്രിമോപഗ്രഹമായ ആര്യഭട്ടമുതല്‍ ചൊവ്വയുടെ ഉള്ളറകള്‍ തേടിപോയ മംഗള്‍യാന്‍ വരെയുള്ള വിവിധ ദൗത്യങ്ങളുടെ മാതൃകകളും ചിത്രപ്രദര്‍ശനവും സ്റ്റാളിലുണ്ട്.  കൃത്രിമ ഉപഗ്രഹങ്ങള്‍ വിവിധ ഭ്രമണപഥത്തില്‍ വിന്യസിച്ചിരിക്കുന്നതിന്റെയും വിക്ഷേപണ വാഹനം ഉയര്‍ന്നു പൊങ്ങുന്നതിന്റെയുമെല്ലാം മാതൃകകള്‍ ശാസ്ത്ര കുതുകികള്‍ക്ക് ആവേശമുയര്‍ത്തുന്നതാണ്. കൂടാതെ ഐ.എസ്.ആര്‍.ഒയുടെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ലഘുവിവരണവും പരീക്ഷണ റോക്കറ്റുകളുടെയും വിക്ഷേപണ വാഹനങ്ങളുടെയും വലിയൊരു ശ്രേണിയും പ്രദര്‍ശനത്തിലുണ്ട്.  മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാന്‍ പദ്ധതിയുടെ വിശദാംശങ്ങളും  സ്റ്റാളില്‍ നിന്നും ശാസ്ത്ര വിജ്ഞാനദാഹികള്‍ക്ക് ലഭിക്കും.

 

date