Skip to main content

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ: നിയമബോധവത്കണം നല്‍കി സെമിനാര്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിയമങ്ങളെക്കുറിച്ച് വിശദീകരിച്ച് സെമിനാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വനിതാശിശു വികസനവകുപ്പ് തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ' സ്ത്രീ സുരക്ഷ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും' എന്ന വിഷയത്തിലാണ് ഇന്നലെ (മെയ് 11) സെമിനാര്‍ നടത്തിയത്. വിഷയത്തിന്റെ പ്രാധാന്യവും ജനപങ്കാളിത്തവും കൊണ്ട് സെമിനാര്‍ ശ്രദ്ധേയമായി.  തിരൂര്‍ ആര്‍.ഡി.ഒ പി സുരേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തക അഡ്വ. സുജാത.എസ്. വര്‍മ്മ വിഷയം അവതരിപ്പിച്ചു. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീ സമൂഹം നേരിടുന്ന പീഡനങ്ങളെയും വിവേചനങ്ങളെയും നിയമപരമായി നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നിയമാവബോധത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമത്തെയും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിലവിലുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ നിയമാവലികളെക്കുറിച്ചും വിശദമായി സെമിനാറില്‍ പ്രതിപാദിച്ചു. സ്ത്രീ സൗഹാര്‍ദപരമായ നടപടിക്രമങ്ങളിലൂടെയാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. തൊഴിലിടങ്ങളില്‍ ഭയരഹിതമായി അന്തസ്സോടെയും അഭിമാനത്തോടെയും ജോലിയെടുക്കാന്‍ സ്ത്രീ സമൂഹത്തിന് സാധിക്കും വിധത്തില്‍ ശക്തമായ നിയമങ്ങള്‍  നിലവിലുണ്ടെന്നും അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പമുണ്ടെന്ന സന്ദേശവും സെമിനാറിലൂടെ നല്‍കി. വനിതാ സംരക്ഷണ ഓഫീസര്‍ എ.എസ് പ്രമീള അധ്യക്ഷയായി. പൊന്നാനി ഐ.സി ഡി.എസ് പ്രൊജക്റ്റ് സി.ഡി.പി ഒ. ഒ.പി രമ, പി.ടി റീന എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി സ്വാഗതം പറഞ്ഞു.

date