Skip to main content

നിറവും രുചിയും പലവിധം:  

വൈവിധ്യക്കലവറയായ് പവര്‍കൂള്‍ ജ്യൂസ് സ്റ്റാള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച പ്രദര്‍ശനവിപണനമേളയും കലാപരിപാടികളും തിരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വേദികളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് 'പവര്‍കൂള്‍ ജ്യൂസ് സ്റ്റാള്‍'. പല നിറത്തിലും രുചിയിലുമുള്ള വൈവിധ്യമായ ജ്യൂസുകളാണ് ഫുഡ് കോര്‍ട്ടിലെ പവര്‍കൂള്‍ ജ്യൂസ് സ്റ്റാളില്‍ ലഭ്യമാക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധികളായ അമൃത ജോസഫ് മാത്യുവും അനാമിക രാജേന്ദ്രനും മേല്‍നോട്ടം വഹിക്കുന്ന സ്റ്റാള്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. കുടുംബശ്രീയ്ക്ക് കീഴില്‍ 2017-ലാണ് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനായി  ലക്ഷ്യ സ്‌പെഷ്യല്‍ കുടുംബശ്രീ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. ഇതിന്റെ നേതൃത്വത്തിലാണ് വിവിധ തരം ജ്യൂസുകളും പലഹാരങ്ങളും അച്ചാറുകളും വില്‍ക്കുന്ന സംരംഭം തുടങ്ങിയത്. കുടുംബശ്രീ മിഷന്റെ സഹായ സഹകരണത്തോടു കൂടിയാണ് സംരംഭം ആരംഭിച്ചതെന്ന് അനാമികയും അമൃതയും പറഞ്ഞു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മേളകളില്‍ ലക്ഷ്യയുടെ സ്റ്റാള്‍ ഇടാറുണ്ടെന്നും മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ഇവര്‍  പറഞ്ഞു. ഫ്രഷ് ജ്യൂസ്, കുലുക്കി സര്‍ബത്തിന്റെ വിവിധ തരങ്ങള്‍, വിവിധയിനം സര്‍ബത്തുകള്‍, ഷേക്കുകള്‍, ഉപ്പിലിട്ട പഴങ്ങള്‍ തുടങ്ങി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി മെഗാ പ്രദര്‍ശനമേളയുടെ സ്വാദ് കൂട്ടുകയാണ് ലക്ഷ്യയും പ്രവര്‍ത്തകരും.
 

date