Skip to main content

പ്രതിരോധിക്കാം ഉള്‍ക്കരുത്തോടെ; സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍  'ബ്ലോക്ക് 22'  പദ്ധതി സജീവമാക്കി പോലീസ്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വയം പ്രതിരോധ പരിശീലന പദ്ധതി  പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കേരളാ പോലീസ്. 'ബ്ലോക്ക് 2022' എന്ന പേരിലാണ് പോലീസിന്റെ സ്ത്രീസുരക്ഷ പദ്ധതി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരൂരില്‍ സംഘടിപ്പിച്ച മെഗാ പ്രദര്‍ശന മേളയില്‍ ഒരുക്കിയ സ്റ്റാളില്‍ സ്ത്രീകള്‍ക്കായുള്ള പരിശീലനത്തെക്കുറിച്ച് വിശദീകരിച്ച് ബോധവത്കരണം കൂടി നടത്തുകയാണ് കേരള പോലീസ്.  അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ വനിതകളെ മാനസികമായും ശാരീരികമായും പ്രാപ്തമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വിദഗ്ധ പരിശീലനം. അതിക്രമ സാഹചര്യങ്ങളെ തിരിച്ചറിയാന്‍ സ്വയം പ്രാപ്തരാക്കുന്നതോടൊപ്പം അതിക്രമം ഉണ്ടാകുന്ന ഘട്ടത്തില്‍ സ്വയരക്ഷക്കായി വേഗത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ തന്ത്രങ്ങള്‍ പരിചയപ്പെടുത്തുക കൂടിയാണ് പോലീസ്. ഇതിനൊപ്പം നിയമബോധവത്കരണവും നല്‍കുന്നുണ്ട്. 2015 ല്‍ ആരംഭിച്ച ബ്ലോക്ക് 22 പദ്ധതിയിലൂടെ ഇതിനകം 50,000 ത്തോളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കി ക്കഴിഞ്ഞു. കുടുംബശ്രീ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് പരിശീലകരായ എ.എസ്.ഐ. കെ.വല്‍സമ്മ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.സി സിനിമോള്‍ വി.ജെ സോണിയ മേബിള്‍ എന്നിവര്‍ പറഞ്ഞു. ഏഴ് വയസ്സു മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് തികച്ചും സൗജന്യമായി പരിശീലനം നല്‍കുന്നത്. അഞ്ച്  മുതല്‍ 10 ദിവസം വരെയാണ് പരിശീലന സമയം.

date