Skip to main content

ജില്ലാ റവന്യൂ കലോത്സവം; സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം

കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപമായ മോഹിനിയാട്ട മത്സരത്തോടെ ജില്ലാ റവന്യൂ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. മെയ് അഞ്ചിന് ആരംഭിച്ച കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍  നിര്‍വഹിച്ചു.
മോഹിനിയാട്ടം, കവിതാലാപനം, പ്രസംഗം, മാപ്പിളപ്പാട്ട്, ലളിതഗാനം, നാടന്‍പാട്ട്(ഗ്രൂപ്പ്) എന്നിവയാണ് ബുധനാഴ്ച (മെയ് 11) നടന്ന മത്സരങ്ങള്‍. പുരുഷന്‍മാരും സ്ത്രീകളും രണ്ട് വിഭാഗങ്ങളായാണ് മത്സരിച്ചത്. മെയ് ഏഴിന് ആരംഭിച്ച കായിക മത്സരങ്ങള്‍ ചൊവ്വാഴ്ച സമാപിച്ചു. സ്റ്റേജ് ഇതര മത്സരങ്ങളും നേരത്തെ പൂര്‍ത്തിയായി. വ്യാഴാഴ്ച തബല, മൃദംഗം, ഗിറ്റാര്‍, കര്‍ണ്ണാടിക്-ഹിന്ദുസ്ഥാനി സംഗീതം, മോണോ ആക്റ്റ്, മിമിക്രി എന്നിവ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമാപന ദിവസമായ മെയ് 13ന് തിരുവാതിര, മൂകാഭിനയം, നാടോടി നൃത്തം, സംഘനൃത്തം, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍(സ്പോര്‍ട് ഡിവിഷന്‍) ഓഡിറ്റോറിയത്തില്‍ അരങ്ങേറും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
റവന്യൂ, സര്‍വ്വെ വകുപ്പുകളിലെ ജീവനക്കാരുടെ കലാ, കായിക, സാംസ്‌കാരിക മേഖലകളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും നടത്തുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് മുന്നോടിയായാണ് ജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്.
തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി അധ്യക്ഷത വഹിച്ചു. എഡിഎം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്സി, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി വി രഞ്ജിത്ത്, എസ് സനില്‍കുമാര്‍, ഡി മേരിക്കുട്ടി, പി ഷാജു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ്  ചന്ദ്രബോസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date