Skip to main content

മഴക്കെടുതി: മുന്നൊരുക്ക പ്രവർത്തനങ്ങളുമായി പൊന്നാനി നഗരസഭ

 

 

 

 മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പൊന്നാനി നഗരസഭ അടിയന്തര നഗരസഭാതല ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. ദുരന്ത സാധ്യതയുള്ള തീരദേശ മേഖലകൾ, ഭാരതപ്പുഴയോരം, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. തഹസിൽദാർ, ഇറിഗേഷൻ, പി.ഡബ്ല്യു.ഡി എഞ്ചിനീയർമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റ് അടിയന്തര ഇടപെടലുകൾ നടത്താനും നഗരസഭയിലും, താലൂക്ക് ഓഫീസിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജെ.സി.ബി, ഹിറ്റാച്ചി, ആമ്പുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ജോയിൻറ് ആർ.ടി.ഒ ക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് തഹസിൽദാറെ ചുമതലപ്പെടുത്തി. വെള്ളക്കെട്ട്, അപകടകര സാഹചര്യത്തിൽ നിലനിൽക്കുന്ന മരങ്ങൾ എന്നിവ നീക്കം ചെയ്യാൻ വാർഡ്തല എമർജൻസി റെസ്പോൺസ് ടീം പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചു.

 

 നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായിരുന്നു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, ഒ.ഒ.ശംസു, , നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, ഇറിഗേഷൻ എ.എക്സ്.ഇ സുരേഷ് കുമാർ, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date