Skip to main content
 കൊടകരയിൽ പെൺതൊഴിലിടം ഒരുങ്ങുന്നു

തൊഴിലിനായി സുരക്ഷിത ഇടം, കൊടകരയിൽ പെൺതൊഴിലിടം ഒരുങ്ങുന്നു 

 

*ശിലാസ്ഥാപനം മെയ് 21 ന് 

വനിതകൾക്ക് തൊഴിൽ ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൊടകര ബ്ലോക്ക്‌ പഞ്ചായത്തിൽ പെൺതൊഴിലിടം (ഷീ വർക്ക് സ്പെയ്സ്) ഒരുങ്ങുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം, തൊഴിലുകളിൽ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഷീ വർക്ക് സ്പെയ്സിന്‍റെ ശിലാസ്ഥാപനം മെയ്‌ 21ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതിനായി 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് പെൺ തൊഴിലിടം. 

വല്ലപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ ഭൂമിയിലാണ്  പദ്ധതി പൂർത്തീകരിക്കുന്നത്. 83,390 ചതുരശ്രടി തറ വിസ്തീർണ്ണത്തിൽ 5 നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 10.35 കോടി രൂപ വിനിയോഗിച്ച് 32,260 ചതുരശ്രടിയും രണ്ടാംഘട്ടത്തിൽ 18.60 കോടി രൂപയ്ക്ക് 47,130 ചതുരശ്രടിയും പൂർത്തിയാക്കും. 2023 മാർച്ച് മാസത്തിൽ ആദ്യഘട്ടം പൂർത്തിയാകും. 

തൃശൂർ ജില്ലാപഞ്ചായത്ത് വിഹിതമായി 1,14,50,000/- രൂപയും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള അളഗപ്പനഗർ, കൊടകര, നെന്മണിക്കര, മറ്റത്തൂർ, പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 27,70,000/ രൂപയും, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 53,50,953 രൂപയുമാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ ജില്ലാ ആസൂത്രണബോർഡിന്റെ ഇൻസെന്റീവ് തുകയായ രണ്ട് കോടി രൂപയും സംസ്ഥാന സർക്കാർ 2022-23 ബജറ്റ് വിഹിതമായി ഒരു കോടി രൂപയും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. 

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനായി ഒരിടം നൽകുക, ആധുനിക രീതിയിലുള്ള വുമൺ ഹെൽത്ത് ക്ലബ്ബ്, ക്രഷ്, റസ്റ്റോറന്റ്, ഡോർമെട്രി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, മറ്റ് തൊഴിൽ പരിശീലന ഇടങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ, ഫാർമസി, ക്ലിനിക്ക്, എ ടി എം, സൂപ്പർമാർക്കറ്റ്, കുട്ടികൾക്കായുളള പാർക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. 

തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിന്റെ ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ കരാർ. 

കൊടകര ബ്ലോക്ക് പഞ്ചായത്തിൽ 21ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു മുഖ്യാതിഥിയാവും. ബെന്നി ബഹന്നാൻ എം പി, എം എൽ എമാരായ കെ കെ രാമചന്ദ്രൻ, ടി ജെ സനീഷ്കുമാർ ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, പ്രിൻസിപ്പൽ ഡയറക്ടർ  ആന്റ് ഗ്രാമവികസന കമ്മീഷണർ ഡി ബാലമുരളി, ജില്ലാകലക്ടർ ഹരിത വി കുമാർ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date