Skip to main content

'സഹജീവനം' ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

 

 

സാമൂഹ്യനീതി വകുപ്പും എസ്.എൻ.എ.സി കേരള നാഷണൽ ട്രസ്റ്റും സംയുക്തമായി 'സഹജീവനം' ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ആരംഭിച്ച പദ്ധതിയാണ് സഹജീവനം. ശില്പശാല ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും സബ്കലക്ടർ വി ചെൽസാസിനി നിർവഹിച്ചു. 

ശില്പശാലയിൽ സഹജീവനം പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും വളണ്ടിയർമാർക്കുള്ള പരിശീലനവും നൽകി. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് പ്രിവിലേജ് കാർഡ് നടപ്പാക്കുന്നത്. ഇതിലൂടെ ആശുപത്രികളിൽ 10 മുതൽ 25 ശതമാനം വരെ ചികിത്സാച്ചെലവ് ഇളവ് ലഭിക്കും. ആദ്യഘട്ടത്തിൽ അപേക്ഷിച്ച 1430 പേർക്കാണ് കാർഡ് നൽകുക. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് https://bit.ly/2XScykQ എന്ന ലിങ്കിലൂടെ കാർഡിന് അപേക്ഷിക്കാവുന്നതാണ്. 

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽനടന്ന പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് വിവിധ വകുപ്പുകൾവഴി നടപ്പാക്കുന്ന സേവനങ്ങൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ പി വി രാജീവൻ, കുടുംബശ്രീ ജീല്ലാമിഷൻ കോർഡിനേറ്റർ പി എം ഗിരീശൻ, ഡോ. ലതിക, ഡോ. രജ്ഞിത്ത്, ആർ ഷിജിത്ത് എന്നിവർ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്‌റഫ് കാവിൽ മോഡറേറ്ററായി. വകൂപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് സാമൂഹ്യനീതി റിട്ട. അസി.ഡയറക്ടർ കൃഷ്ണമൂർത്തി വിശദീകരിച്ചു. 

ജില്ലാ വനിതാ-ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി, എസ് എൻ എ സി കേരള പ്രതിനിധി ജെയിംസ് ഡേവിഡ്, എൽ.എൽ.സി കൺവീനർ പി സിക്കന്തർ തുടങ്ങിയവർ സംസാരിച്ചു. ഏഴ് ജില്ലകളിൽ നിന്നായി നൂറോളം പേർ ശില്പശാലയിൽ പങ്കെടുത്തു.

date