Skip to main content

മെയ്ക്ക് സെൻസ് ഓഫ് മെൻസസ്; "പവർ ടു ദി പിരീഡ്"- നൈറ്റ് റൺ 28ന്

 

 

 

ആർത്തവ ശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകൾ അകറ്റുക എന്നിവ ലക്ഷ്യമിട്ട് ആർത്തവ ശുചിത്വദിനമായ മേയ് 28ന് "പവർ ടു ദി പിരീഡ് " എന്ന പേരിൽ നൈറ്റ് റൺ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത്ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ​ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ മെയ്ക്ക് സെൻസ് ഓഫ് മെൻസസ് എന്ന ഹാഷ് ടാ​ഗോടെയാണ് പരിപാടി നടത്തുന്നത്. 

28ന് രാത്രി 08.30ന് കോഴിക്കോട് ബീച്ചിലെ നമ്മുടെ കോഴിക്കോട് ഇൻസ്റ്റലേഷനിൽ നിന്നാരംഭിച്ചു വെള്ളയിൽ ഹാർബർ വഴി തിരിച്ചു സ്റ്റാർട്ടിങ് പോയിന്റിൽ അവസാനിക്കുന്ന വിധത്തിൽ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വനിതകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള ഭയം അകറ്റുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചാണ് നൈറ്റ് റൺ നടത്തുന്നത്.  

ആർത്തവ ശുചിത്വത്തെപ്പറ്റി ബോധവത്കരിക്കുക, ആർത്തവവുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളെ തകർക്കുക, ആർത്തവ സംബന്ധിയായി നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുക, സാനിറ്ററി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ആർത്തവ സൗഹൃദ ശുചിത്വ സൗകര്യങ്ങൾ വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മെയ് 28 ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെഷനുകൾ, വെബിനാറുകൾ, ചർച്ചകൾ, സംശയനിവാരണ സെഷനുകൾ, സൈക്കിൾ റാലി, സോഷ്യൽ മീഡിയ ചലഞ്ചുകൾ, പ്രചാരണ ക്യാംപയിനുകൾ, ക്വിസ്സുകൾ തുടങ്ങിയ പരിപാടികളും ഒരുക്കുന്നുണ്ട്. പരിപാടിയിൽ പങ്കാളികളാകാൻ QR Code സ്കാൻ ചെയ്യുകയോ +919847764000, +914952370200 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

date