ജില്ലയിൽ 13സ്കൂളുകൾ കൂടി ഹൈടെക്കായി
നെടുപുഴയിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് റവന്യൂ മന്ത്രി
പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ ജില്ലയിൽ 13 ഹൈടെക് സ്കൂളുകൾ കൂടി തയ്യാറായി. ഹൈടെക്ക് സ്കൂളുകളുടെ ജില്ലാതല ഉദ്ഘാടനം നെടുപുഴ ഗവ.ജെ ബി സ്കൂളിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് 114 വർഷം പഴക്കമുള്ള ജെബി സ്കൂളിന്
പുതിയ കെട്ടിടം അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. റവന്യൂ മന്ത്രി കെ രാജൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. സ്കൂളിൻ്റെ മുൻവശത്തെ പഴയ കെട്ടിടം കൂടി പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള എല്ലാ സഹായ സഹകരണങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാകരണം മിഷന്റെ ഭാഗമായി ജില്ലയിൽ 11 സ്കൂളുകളും കിഫ്ബി ധനസഹായത്തോടെ 2 സ്കൂളുകളും ഹൈടെക് മികവോടെ ഉയർന്ന നിലവാരത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് പുതിയതായി നിർമ്മിച്ച 76 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവിൽ
നിർവഹിച്ചത് തത്സമയം പ്രദർശിപ്പിച്ചു കൊണ്ടാണ് ജില്ലാതല പരിപാടിയും ജില്ലയിലെ മറ്റ് 12 സ്കൂളുകളിലെ പരിപാടികളും ആരംഭിച്ചത്.
പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും ഓരോ പ്രദേശത്തെയും സ്കൂളുകളുടെ അഭിവൃദ്ധി ആ നാട് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നല്ല സ്കൂളുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളതാണ്. ഇന്ന് ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന മികവിലേക്ക് നമ്മുടെ സ്കൂളുകൾ മാറിയതായും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലെ മറ്റ് സ്കൂളുകളിലെ പരിപാടി അതാത് പ്രദേശത്തെ എം എൽ എമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാകിരണം മിഷന്റെ കിഫ്ബി, പ്ലാൻ ഫണ്ട്, എം എൽ എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയിൽ 11 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്. കിഫ്ബി അഞ്ച് കോടി ധനസഹായത്തോടെ ജികെവിഎച്ച്എസ്എസ് എറിയാട്, ജി എച്ച് എസ് എസ് മുല്ലശ്ശേരി, പ്ലാൻ ഫണ്ട് ഉപയോഗിച്ച് ജിജെബിഎൽപിഎസ് നെടുപുഴ, ജിയുപിഎസ് അഴീക്കോട്, ജിഎൻബിഎച്ച്എസ് കൊടകര, ജിജി എച്ച്എസ് ചാലക്കുടി, ജിവിഎച്ച്എസ്എസ് പുതുക്കാട്, ജിഎച്ച്എസ്എസ് ചെമ്പൂച്ചിറ, ജിഎച്ച്എസ്എസ് ഐരാണിക്കുളം,
എം എൽ എ ഫണ്ട് ഉപയോഗിച്ച് ജിഎം ജിഎച്ച്എസ്എസ് തൃശൂർ, ജിഎച്ച്എസ് എസ് കടിക്കാട് സ്കൂൾ കെട്ടിടങ്ങളാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്കൂളുകളുടെ ഉദ്ഘാടനവും നടന്നു. മന്ദലാംകുന്ന് ജി എഫ് യു പി എസ്, വാടാനപ്പള്ളി ജി എഫ് യു പി എസ് എന്നീ സ്കൂളുകളാണ് തൃശൂരിൻ്റെ തീരദേശ മേഖലയിൽ കുട്ടികൾക്കായി സമർപ്പിച്ചത്. ഇവയുടെ ഉദ്ഘാടനവും സംസ്ഥാന തലത്തിൽ മറ്റൊരു ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
നെടുപുഴ സ്കൂളിൽ നടന്ന
ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ എൻ എ ഗോപകുമാർ, വർഗീസ് കണ്ടംകുളത്തി, ലാലി ജെയിംസ്, പി കെ ഷാജൻ, ഷീബ ബാബു, സാറാമ്മ റോബ്സൺ, കൗൺസിലർമാർ, ഡയറ്റ് പ്രിൻസിപ്പൽ ശ്രീജ, പ്രധാനധ്യാപിക പ്രേംകല ജി കെ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments